ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു: മലയാളികള്‍ അടക്കം 60,000 യാത്രക്കാര്‍ കുടുങ്ങി

single-img
28 November 2017

ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ അഗോംഗ് അഗ്‌നിപര്‍വതത്തിന്റെ സമീപത്ത് നിന്ന് ഒഴിഞ്ഞുപോകാത്തവരെ ബലം പ്രയോഗിച്ച് മാറ്റുമെന്ന് അധികൃതര്‍. അഗ്‌നിപര്‍വതം തീ തുപ്പല്‍ ആരംഭിച്ചതോടെ ഏഴര കിലോമീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കുന്നവരോട് ഒഴിഞ്ഞുപോകണമെന്നു നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പതിനായിരത്തിലധികം ആളുകള്‍ ഇപ്പോഴും ഒഴിഞ്ഞുപോകാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുന്നത്. അഗ്‌നി പര്‍വതത്തില്‍ നിന്നുള്ള പുകനിറഞ്ഞതോടെ ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടിയിരുന്നു.

അഗ്‌നിപര്‍വതത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ ഉയരത്തില്‍ ചാരവും പുകയും വമിക്കുകയാണ്. ഇത് വിമാന എന്‍ജിനുകള്‍ക്ക് ദോഷകരമാണ്. പൊടിപടലങ്ങള്‍ പൈലറ്റിന്റെ കാഴ്ചയെ മറയ്ക്കുകയും ചെയ്യും. അതിനാലാണു വിമാനങ്ങള്‍ റദ്ദാക്കിയതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതും.

നാനൂറിലധികം വിമാനങ്ങളാണു റദ്ദാക്കിയത്. ഏകദേശം 60,000 യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. തിങ്കളാഴ്ച മുതല്‍ 24 മണിക്കൂര്‍ അടച്ചിടുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പുതിയ തീരുമാനപ്രകാരം ഇനി ബുധനാഴ്ചയേ വിമാനത്താവളം തുറക്കൂ. ഇതോടെ നാട്ടിലേക്കു മടങ്ങാനാകാതെ മലയാളികളക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

വിവിധയിടങ്ങളില്‍ തണുത്ത ലാവ (ലഹാര്‍) പ്രവഹിക്കുകയാണ്. വിനോദസഞ്ചാരികളായും മറ്റും ഇന്തൊനീഷ്യയിലെത്തിയ മലയാളികളും തിരിച്ചു വരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. സഞ്ചാരികള്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നു ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

സമീപത്തെ ലോംബോക് ദ്വീപിലെ വിമാനത്താവളം താല്‍ക്കാലികമായി തുറന്നിട്ടുണ്ട്. ഇവിടെനിന്നു യാത്ര ക്രമീകരിക്കാനാണ് അധികൃതരുടെ ശ്രമം. എന്നാല്‍, യാത്രാസൗകര്യങ്ങള്‍ അപര്യാപ്തമാണെന്നു പരാതിയുണ്ട്. അപകട മേഖലയിലെ നാല്‍പതിനായിരത്തോളം പേര്‍ വീടൊഴിഞ്ഞു.

മൗണ്ട് അഗൂങ് പൊട്ടിത്തെറിച്ചുണ്ടായ ലാവാപ്രവാഹത്തില്‍ 1963ല്‍ 1600 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തൊനീഷ്യയില്‍ 130 പുകയുന്ന അഗ്‌നിപര്‍വതങ്ങളുണ്ട്. പസിഫിക് സമുദ്രത്തിലെ ‘അഗ്‌നിവലയം’ എന്നാണു ഇന്തൊനീഷ്യയുടെ 17,000 ദ്വീപുകള്‍ അറിയപ്പെടുന്നത്.