ഇന്ത്യയുടേത് ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയം: പിറന്നത് നിരവധി റെക്കോഡുകള്‍

single-img
27 November 2017

നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നരദിവസത്തിലേറെ ശേഷിക്കെ ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ് കോഹ്‌ലിയും സംഘവും ലങ്കന്‍ നിരയെ തരിപ്പണമാക്കിയത്. 405 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് കടവുമായി കളത്തിലിറങ്ങിയ ലങ്കയെ ഇന്ത്യന്‍ ബോളര്‍മാര്‍ 166 റണ്‍സിന് ഓള്‍ഔട്ടാക്കി.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്രന്‍ അശ്വിന്റെ മികവിലാണ് ഇന്ത്യയുടെ പടയോട്ടം. ലങ്കയുടെ അവസാന ബാറ്റ്‌സ്മാന്‍ ഗാമേജിനെ പുറത്താക്കിയാണ് അശ്വിന്‍ ചരിത്ര നേട്ടം കൈവരിച്ചത്. 54ാം ടെസ്റ്റില്‍ 300 വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിന്‍ 56ാം ടെസ്റ്റില്‍ റെക്കോര്‍ഡ് കണ്ടെത്തിയ ഓസീസ് താരം ഡെന്നിസ് ലിലിയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. 66ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തിയ അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ റെക്കോര്‍ഡും അശ്വിന്‍ മറികടന്നു.

ഈ ടെസ്റ്റില്‍ തന്നെയാണ് കോഹ്ലിയും ഇന്ത്യന്‍ ടീമും നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഡബിള്‍ സെഞ്ച്വറിയും കരിയറിലെ അഞ്ചാം ഡബിള്‍ സെഞ്ച്വറിയും കോഹ്‌ലി ഇന്നലെ കുറിച്ചിരുന്നു.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ലുകൂടി ഇന്ത്യന്‍ നായകന്‍ പിന്നിട്ടു. ഇരട്ടസെഞ്ചുറി നേട്ടത്തില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെ കോഹ്ലി മറികടന്നു. നായകനെന്ന നിലയില്‍ ഏറ്റവുമധികം ഇരട്ടസെഞ്ചുറികള്‍ നേടുന്ന കളിക്കാരനെന്ന റെക്കോഡും നാഗ്പൂരില്‍ കോഹ്ലിയെ തേടിയെത്തി.

ഈ നേട്ടം ബ്രയാന്‍ ലാറയ്‌ക്കൊപ്പം പങ്കിടുകയാണ് കോഹ്ലി. അഞ്ച് ഇരട്ടസെഞ്ചുറികളാണ് നായകസ്ഥാനത്ത് ഇരുവരും കുറിച്ചത്. ബ്രാഡ്മാന്റെ അക്കൗണ്ടില്‍ നായകനെന്ന നിലയില്‍ നാല് ഇരട്ടസെഞ്ചുറികളാണുള്ളത്. കോഹ്ലിയുടെ ഇരട്ടസെഞ്ചുറികള്‍ എല്ലാം നായകസ്ഥാനത്ത് എത്തിയശേഷമാണെന്ന സവിശേഷതയുമുണ്ട്.

വിന്‍ഡീസ്, ന്യൂസിലന്റ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയാണ് കോഹ്‌ലി ഇരട്ടശതകം കുറിച്ചിട്ടുള്ളത്. നേരത്തെ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്ടനെന്ന റെക്കാഡും കൊഹ്‌ലി സ്വന്തമാക്കിയിരുന്നു.

സുനില്‍ ഗാവസ്‌കറിന്റെ 11 സെഞ്ച്വറികളുടെ റെക്കാഡാണ് 12 സെഞ്ച്വറികളുമായി കൊഹ്‌ലി മറികടന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ക്യാപ്ടനെന്ന റെക്കോര്‍ഡും കൊഹ്‌ലിക്കാണ്. 2017ല്‍ ഇതുവരെ 10 സെഞ്ച്വറികള്‍ കൊഹ്‌ലി നേടി. 2005ലും 2006ലും റിക്കി പോണ്ടിംഗും 2005ല്‍ ഗ്രേം സ്മിത്ത് എന്നിവര്‍ നേടിയ ഒമ്പതു സെഞ്ച്വറികളുടെ റെക്കാഡാണ് കൊഹ്‌ലി തകര്‍ത്തത്.

ഒരു ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടും രണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളുമാണ് ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പിറന്നത്. ഇതുകൂടാതെ ഇന്ത്യന്‍ ഇന്നിങ്‌സില്‍ നാലു താരങ്ങള്‍ സെഞ്ചുറി നേടുന്നത് ഇത് മൂന്നാം തവണയാണ്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2007ല്‍ ബംഗ്ലദേശിനെതിരെയുമാണ് മുന്‍പ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.