പ്രവാസികളുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി സൗദി തൊഴില്‍ മന്ത്രാലയം: ഡിസംബര്‍ അഞ്ചിന് മുമ്പ് പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കും: ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും

single-img
27 November 2017

റിയാദ്: സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ജൂവലറികളിലും സ്വദേശിവത്കരണം ശക്തമായി നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഡിസംബര്‍ അഞ്ചിന് മുമ്പുതന്നെ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജുവലറി ഉടമകള്‍ക്ക് അറിയിപ്പ് നല്‍കിയെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബൈല്‍ഖല്‍ വ്യക്തമാക്കി.

പിരിച്ചുവിടല്‍ പൂര്‍ണമാകുന്നതോടെ മലയാളികള്‍ക്ക് ആധിപത്യമുള്ള ഈ മേഖലയിലെ 1.38 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകും. മൊബൈല്‍ഫോണ്‍ വിപണിയില്‍ നൂറുശതമാനം നിതാഖാത് നടപ്പാക്കിയതിന് പിന്നാലെയാണ് തൊഴില്‍മന്ത്രാലയം ജൂവലറി മേഖലയിലേക്ക് കടന്നത്. ഇതിലും നിതാഖാത് ശക്തമാകുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികളുടെ സ്ഥിതി കൂടുതല്‍ ഗുരുതരമാവും.

മലയാളികള്‍ ധാരാളമായി ജോലിചെയ്യുന്ന മേഖലയാണ് സൗദിയിലെ സ്വര്‍ണവിപണി. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടമായാല്‍ നാട്ടിലേക്ക് തിരിച്ചുപോരുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് ഇവര്‍ പറയുന്നു. അതേസമയം നിയമം നടപ്പാക്കുന്നത് വിപണിയില്‍ പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും പിന്നോട്ടുപോകേണ്ടതില്ലെന്നാണ് സൗദി സര്‍ക്കാറിന്റെ നിലപാട്.

പ്രായോഗികതയുടെപേരില്‍ നിയമം നടപ്പാക്കുന്നത് വൈകുമെന്ന മലയാളികളുടെ പ്രതീക്ഷകളും ഇതോടെ അസ്തമിക്കുകയാണ്. ജൂവലറി ഉടമകള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പുകള്‍ മന്ത്രാലയം ഔദ്യോഗികമായി നല്‍കിത്തുടങ്ങി.
പത്ത് വര്‍ഷം മുമ്പ് ജൂവലറി മേഖലയില്‍ പൂര്‍ണമായ സ്വദേശിവല്‍ക്കരണവും വനിതാവല്‍ക്കരണവും നടത്താന്‍ നടപടിയെടുത്തിരുന്നുവെങ്കിലും ഈ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ സ്വദേശികളായ വനിതകള്‍ പോലും സെയില്‍സ്‌ഗേള്‍സായി മുന്നോട്ടുവന്നില്ല.

അന്ന് നിര്‍ത്തിവെച്ച സ്വദേശിവല്‍ക്കരണമാണ് ഈ വര്‍ഷം ഒക്ടോബര്‍ ആദ്യവാരത്തില്‍ സൗദി തൊഴില്‍മന്ത്രാലയം വീണ്ടും കൊണ്ടുവന്നത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ജുവലറി ഉടമകള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഒറ്റയടിക്ക് ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയാല്‍ അത് വാണിജ്യമേഖലയില്‍ ഏറ്റവും വിപുലമായ സ്വര്‍ണാഭരണ വിപണിയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന് സൗദി ജുവലറികളുടെ ദേശീയ സംഘടനാധ്യക്ഷന്‍ കരിം അല്‍ അനസി മുന്നറിയിപ്പ് നല്‍കി.