263 നാണയങ്ങള്‍, സൂചികള്‍, ആണികള്‍, കുപ്പി കഷണങ്ങള്‍: യുവാവിനെ ഓപ്പറേഷന്‍ ചെയ്തപ്പോള്‍ കിട്ടിയ സാധനങ്ങള്‍ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍

single-img
27 November 2017

സാത്ത്‌ന: മധ്യപ്രദേശില്‍ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും അടക്കം അഞ്ച് കിലോയുടെ ഇരുമ്പ്. സാത്ത്‌ന ജില്ലയിലെ സൊഹാവല്‍ സ്വദേശിയായ മുഹമ്മദ് മക്‌സുദിന്റെ(35) വയറിനുള്ളില്‍ നിന്നാണ് അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തിയത്.

നവംബര്‍ 18നാണ് ഇയാളെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. എക്‌സ്‌റേ പരിശോധനയില്‍ വയറിനുള്ളില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്ന്, ഡോ. പ്രിയങ്കാ ശര്‍മ്മയുടെ നേതൃത്വത്തില്‍ ആറംഗ ഡോക്ടര്‍മാരുടെ സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത്.

263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ എന്നിവയെല്ലാം കൂടി അഞ്ച് കിലോ ഭാരം വരുന്ന വസ്തുക്കളാണ് മക്‌സുദിന്റെ വയറിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍ പറയുന്നു. പ്രത്യേക മാനസിക നിലയെ തുടര്‍ന്ന് ഇത്തരം വസ്തുക്കള്‍ രഹസ്യമായി വിഴുങ്ങുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടയ്ക്കിടെ വരുന്ന ശക്തമായ വയറുവേദനയ്ക്ക് പലതരം ചികിത്സകളാണ് യുവാവ് നടത്തിയിരുന്നത്.

രേവയിലേക്ക് വരും മുമ്പ് ആറുമാസത്തോളം ഇയാള്‍ സാത്ത്‌നയില്‍ ചികിത്സ നടത്തിയിരുന്നു. എന്നിട്ടും വേദന മാറാതെ വന്നതോടെയാണ് വിദഗ്ദ്ധ പരിശോധനകള്‍ നടത്തിയതെന്നും ഡോ. പ്രിയങ്ക വ്യക്തമാക്കി. അതേസമയം ഇയാളുടെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും സാധാരണ നിലയിലേക്ക് വന്നു തുടങ്ങിയെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.