മോദിയുടെ ജന്മനാട് ഫ്രീ വൈഫൈ തരും; പക്ഷേ ശുചിമുറിയെക്കുറിച്ച് മിണ്ടരുത്

single-img
27 November 2017

നരേന്ദ്രമോദി ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന്റെ ബാല്യകാലം ചിലവിട്ട വാഡ്‌നഗര്‍ മുനിസിപ്പാലിറ്റിയില്‍ പ്രവേശിച്ചാലുടന്‍ മൊബൈലില്‍ ഇങ്ങനെ തെളിയും നിങ്ങള്‍ ഇപ്പോള്‍ വാഡ്‌നഗര്‍ വൈഫൈ സോണ്‍ പരിധിയിലാണ്. പ്രധാനമന്ത്രിയുടെ ജന്മനാട് വൈഫൈ ആണല്ലോയെന്ന് ചിന്തിക്കാന്‍ വരട്ടെ.

സൂക്ഷിച്ചു നോക്കിയാല്‍ കാണാം വെളിമ്പ്രദേശങ്ങളില്‍ ഇരുട്ടിന്റെ മറ പറ്റി പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായി തകരപ്പാട്ടകളില്‍ വെള്ളവുമായി നീങ്ങുന്ന പെണ്‍കൂട്ടങ്ങളെ. ഗുജറാത്തിലെ മെഹസാനാ ജില്ലയിലാണ് വാഡ്‌നഗര്‍ മുനിസിപ്പാലിറ്റി.

സ്വച്ഛ് ഭാരത് അഭിയാന്‍ കാമ്പെയിന്റെ ഭാഗമായി ഇന്ത്യയൊട്ടാകെ ശുചിമുറികള്‍ പണിതുയര്‍ത്താന്‍ ആഹ്വാനം നല്‍കിയ പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിലാണ് ഈ അവസ്ഥ. പൊതുവൈഫൈ സംവിധാനം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവിടെയാണ് ശുചിമുറികളുടെ കാര്യത്തില്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ടി വരുന്നത്.

ഭൂരിഭാഗവും ദളിതര്‍ വസിക്കുന്ന ഇവിടെ നല്ലൊരു ശതമാനത്തിനും സ്വന്തമായി ഒരു കിടപ്പാടമോ ഒരു പൊതു ശുചിമുറിയോ ഇന്നും ഒരു സ്വപ്നം മാത്രമാണ്. അധികാരത്തില്‍ വന്നശേഷം ഒരു തവണ പ്രധാനമന്ത്രി ഇവിടം സന്ദര്‍ശിച്ചപ്പോള്‍ എല്ലാം ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കിയതാണ്.

എല്ലാം വെറും പാഴ് വാക്കുകളായിരുന്നു. അന്നും ഇന്നും വാഡ്‌നഗര്‍ നിവാസികളുടെ ജീവിതനിലവാരത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഇന്നും പ്രാഥമികാവശ്യങ്ങള്‍ക്ക് അവര്‍ക്ക് വെളിയിടങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരുന്നു. ഇക്കാരണത്താല്‍ ഇവിടെ പകര്‍ച്ചവ്യാധികളും മറ്റും രൂക്ഷമാണ്.

ഇന്ത്യയില്‍ 120 കോടിയിലേറെപ്പേര്‍ക്ക് ശുചിമുറികള്‍ ഇന്നും ലഭ്യമായിട്ടില്ല എന്ന സത്യം അവശേഷിക്കെ ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയിലേറെപ്പേര്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന് 2011 സെന്‍സസ് ചൂണ്ടിക്കാട്ടുന്നു.