ഷെഫിന്‍ ജഹാനെ ‘മുറുകെ പിടിച്ച്’ ഹാദിയ സുപ്രീം കോടതിയില്‍: ‘എന്നെ ഭര്‍ത്താവ് സംരക്ഷിച്ചോളും; ‘പഠിപ്പിക്കാനുള്ള കഴിവ് ഭര്‍ത്താവിനുണ്ട്’: LIVE UPDATE

single-img
27 November 2017

തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ സുപ്രീംകോടതി നിലപാട് ആരാഞ്ഞപ്പോഴാണ് സുപ്രധാന ആവശ്യം ഹാദിയ ഉന്നയിച്ചത്. ഹാദിയെ കേള്‍ക്കുന്നതിന്റെ ഭാഗമായി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന ചില ചോദ്യങ്ങളും ചോദിച്ചു.

എല്ലാത്തിനും കൃത്യമായ മറുപടി പറഞ്ഞ ഹാദിയ തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വാതന്ത്ര്യം വേണമെന്നും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഹാദിയയുടെ മനോനില പരിശോധിക്കാനും സുപ്രീംകോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. താമസ സ്ഥലത്തു നിന്നും പഠിക്കുന്ന കോളേജിലേക്ക് എത്ര ദുരമുണ്ടെന്നത് ഉള്‍പ്പടെയായിരുന്നു ചോദ്യങ്ങള്‍.

പിന്നീടാണ് ഭാവി പരിപാടികള്‍ എന്തൊക്കെയാണെന്ന് കോടതി ചോദിച്ചത്. തനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടെന്നും ഹാദിയ പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടോയെന്നും ലോക്കല്‍ ഗാര്‍ഡിയനെ ഏര്‍പ്പെടുത്താമെന്നും കോടതി പറഞ്ഞു.

എന്നാല്‍ തന്റെ ഭര്‍ത്താവിന് പഠനചിലവ് വഹിക്കാന്‍ കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിക്കുകയായിരുന്നു. രണ്ടാമതം പഠനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായം വേണോ എന്ന് ചോദിച്ചപ്പോഴാണ് തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്.

തനിക്കു സ്വാതന്ത്ര്യം വേണം. പഠനം പൂർത്തിയാക്കാൻ അനുവദിക്കണം. മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മർദ്ദം സഹിക്കാതെയാണു വീടുവിട്ടത്– സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കു മറുപടിയായി ഹാദിയ പറഞ്ഞു. പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ സുപ്രീംകോടതിയോടു നിലപാടു വ്യക്തമാക്കിയത്. മലയാളത്തിലായിരുന്നു ഹാദിയയുടെ മറുപടികൾ.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തളളിയിരുന്നു. അടച്ചിട്ട മുറിയിൽ മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നു വ്യക്തമാക്കിയാണു സുപ്രീംകോടതിയുടെ തീരുമാനം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതിയിൽ നടപടികൾ തുടങ്ങിയത്.