ഹാദിയ കേസില്‍ ഇന്ന് സുപ്രീംകോടതിയില്‍ സംഭവിച്ചത് എന്ത്? പൂര്‍ണരൂപം വായിക്കാം

single-img
27 November 2017

ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകാന്‍ അനുവദിക്കണമെന്ന ഹാദിയയുടെ ആവശ്യം സുപ്രീം കോടതി തള്ളി. തത്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയ കോടതി, ഡല്‍ഹിയില്‍നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളേജിലേക്കു പോകാനും വിധിച്ചു. സ്വാതന്ത്ര്യം ഹാദിയയുടെ അവകാശമാണെങ്കിലും തത്കാലം അതിന് നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു. ജനുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

ഹാദിയയുടെ പഠനം പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ സൗകര്യമൊരുക്കണം. ഹാദിയയ്ക്കു താമസിക്കാന്‍ സേലത്തെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഇതിന്റെ ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കണം.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണം. കോളേജ് ഹോസ്റ്റലിലേക്കു പോകുന്നതുവരെ ഹാദിയ ഡല്‍ഹി കേരള ഹൗസില്‍ തുടരണം. സര്‍വകലാശാല ഡീന്‍ ഹാദിയയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ പദവി വഹിക്കും. ഹാദിയയ്ക്കു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. സിവില്‍ ഡ്രസിലായിരിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാദിയയെ അനുഗമിക്കേണ്ടതെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.

കേസ് പരിഗണിച്ചപ്പോള്‍ തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പൂര്‍ണമായി കോടതി അനുവദിച്ചില്ല. മാത്രമല്ല, ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതുമില്ല. ഷെഫിന്‍ ജഹാനെ കാണാന്‍ ഹാദിയയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.

ഹാദിയെ കേള്‍ക്കുന്നതിന്റെ ഭാഗമായി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന ചില ചോദ്യങ്ങളും ചോദിച്ചിരുന്നു. എല്ലാത്തിനും കൃത്യമായ മറുപടി പറഞ്ഞ ഹാദിയ തന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വാതന്ത്ര്യം വേണമെന്നും കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഹാദിയയുടെ മനോനില പരിശോധിക്കാനും സുപ്രീംകോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. താമസ സ്ഥലത്തു നിന്നും പഠിക്കുന്ന കോളജിലേക്ക് എത്ര ദുരമുണ്ടെന്നത് ഉള്‍പ്പടെയായിരുന്നു ചോദ്യങ്ങള്‍.

പിന്നീടാണ് ഭാവി പരിപാടികള്‍ എന്തൊക്കെയാണെന്ന് കോടതി ചോദിച്ചത്. തനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടെന്നും ഹാദിയ പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടോയെന്നും ലോക്കല്‍ ഗാര്‍ഡിയനെ ഏര്‍പ്പെടുത്താമെന്നും കോടതി പറഞ്ഞു.

എന്നാല്‍ തന്റെ ഭര്‍ത്താവിന് പഠനചിലവ് വഹിക്കാന്‍ കഴിയുമെന്നും അങ്ങനെ പഠിക്കാനാണ് താത്പര്യമെന്നും ഹാദിയ കോടതിയെ അറിയിക്കുകയായിരുന്നു. രണ്ടാമതും പഠനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായം വേണോ എന്ന് ചോദിച്ചപ്പോഴാണ് തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഭര്‍ത്താവിനൊപ്പം പോകാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയോട് ആവശ്യപ്പെട്ടത്.

മലപ്പുറത്തെ സുഹൃത്തിന്റെ വീട്ടില്‍ പോകാണമെന്ന ആവശ്യവും തള്ളി. ഹാദിയ ആദ്യം പഠനം പൂര്‍ത്തിയാക്കുകയാണു വേണ്ടത്. ഹാദിയയെ ഒരു ഡോക്ടറായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും കോടതി പറഞ്ഞു.

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സുപ്രീംകോടതിയില്‍ നടപടികള്‍ തുടങ്ങിയത്. ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന പിതാവ് അശോകന്റെ ഹര്‍ജിയാണു കോടതി ആദ്യം പരിഗണിച്ചത്. പിതാവിന്റെ ആവശ്യത്തെ എന്‍ഐഎയും പിന്തുണച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി.

ഹാദിയയുടെ അച്ഛന്‍ അശോകന്റെ വാദമാണ് ഇന്ന് കോടതി ആദ്യം കേട്ടത്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നായിരുന്നു അശോകന്റെ ആരോപണം. ഇതിനുള്ള തെളിവുകള്‍ ഉണ്ടെന്നും അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ പറഞ്ഞു. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്.

ഭീകര സംഘടനയായ ഐസിസിന്റെ റിക്രൂട്ടറായ മന്‍സി ബുറാഖുമായി ഷെഫിന്‍ സംസാരിച്ചതിന് തെളിവുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരാളെ ഐസിസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

വര്‍ഗീയ പ്രത്യാഘാതമുണ്ടാക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹാദിയയോട് ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ സംസാരിക്കണമെന്നും അശോകന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. ആദ്യം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ കോടതി പരിഗണിക്കണം. അതിനുശേഷം മതി ഹാദിയയുടെ നിലപാട് അറിയുന്നതെന്നും ശ്യാം ദിവാന്‍ പറഞ്ഞു.

എന്‍.ഐ.യുടെ വാദങ്ങള്‍

ഹാദിയ മതം മാറിയതും വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന നിലപാട് അംഗീകരിക്കരുത്. നിര്‍ബന്ധിത പരിവര്‍ത്തനത്തിന് വിധേയയായിട്ടുള്ള ഹാദിയയുടെ മൊഴികള്‍ ഒരിക്കലും കണക്കിലെടുക്കാനാവില്ല. കേരളത്തില്‍ മതംമാറ്റത്തിന് വിധേയരായ നിരവധി ആളുകളില്‍ ഇത്തരത്തില്‍ ആശയങ്ങള്‍ അടിച്ചേല്‍പിച്ചിട്ടുണ്ട്. ഹാദിയയും അത്തരത്തില്‍ ഒരാളാണെന്നും എന്‍.ഐ.എയ്ക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.

തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സംഘടനയായ മഞ്ചേരിയിലെ സത്യസരണിയ്‌ക്കെതിരെ പതിനൊന്ന് കേസുകള്‍ നിലവിലുണ്ട്. ഇതില്‍ ഏഴ് കേസുകളിലും സത്യസരണിക്ക് നേരിട്ട് ബന്ധമുണ്ട്. ഇത്തരം സംഘടനകളുടെ സ്വാധീനം ഹാദിയയ്ക്കു മേലുണ്ട്. താനൊരു മുസഌമാണെന്ന് ഹാദിയ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നില്‍ ഈ സംഘടനകളുടെ സ്വാധീനത്തിലാണെന്നും എന്‍.ഐ.എ പറഞ്ഞു.

ഷെഫീന്‍ ജഹാന്റെ വാദങ്ങള്‍

ഹാദിയയുടെ നിലപാടാണ് സുപ്രീംകോടതി അറിയേണ്ടതെന്ന് ഷെഫിന്‍ ജഹാനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍. ഹാദിയയെ കേള്‍ക്കുന്നതിന് പകരം വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷമാണ് നാം ചര്‍ച്ച ചെയ്യുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. ഹാദിയ പ്രായപൂര്‍ത്തിയായ പെണ്ണാണെന്നും സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശം അവള്‍ക്കുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു. കേസില്‍ എന്‍.ഐ.എ അന്വേഷണം നടത്തുന്നത് കോടതയിലക്ഷ്യമാണെന്നും സിബല്‍ വാദിച്ചു.

ഹാദിയയുടേത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ഇതിന് വര്‍ഗീയനിറം നല്‍കുന്നത് ശരിയല്ല. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഹാദിയ പറഞ്ഞത്. കഴിഞ്ഞ ദിവസവും ഹാദിയ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ മകളെ തടങ്കലില്‍ വയ്ക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും കപില്‍ സിബല്‍ ചോദിച്ചു. ഹാദിയയുടേത് സ്വന്തം തീരുമാനമാണ്. അത് തെറ്റായാലും ശരിയായാലും അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും ഹാദിയ തന്നെയാണെന്നും സിബല്‍ ചൂണ്ടിക്കാട്ടി.

തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നായിരുന്നു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രതികരണം. കേസില്‍ ഹാദിയയുടെ പിതാവ് അശോകന്റേയും എന്‍ഐഎയുടേയും കപില്‍ സിബലിന്റേയും വാദം കേട്ടതിനു ശേഷമാണ് തുറന്ന കോടതി ഹാദിയയെ കേട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് കേസില്‍ വാദം കേള്‍ക്കുന്ന മറ്റ് ജഡ്ജിമാര്‍.

‘സ്റ്റോക്ഹോം സിന്‍ഡ്രോം’ കോടതിയില്‍

വാദത്തിനിടെ ‘സ്റ്റോക്ഹോം സിന്‍ഡ്രോം’ പരാമര്‍ശിച്ച് സുപ്രീംകോടതി. സ്റ്റോക്ഹോം സിന്‍ഡ്രോം എന്നാല്‍ ബന്ദികള്‍ക്ക് റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസികനിലയാണ്. ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനം സ്വന്തമാണെന്ന് പറയാനാകില്ല. ഹാദിയ കേസുമായി പരാമര്‍ശത്തെ ബന്ധപ്പെടുത്തേണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.