വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍: ‘സ്വാതന്ത്ര്യം വേണം; പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം’

single-img
27 November 2017

തന്റെ മതവിശ്വാസം അനുസരിച്ചു ജീവിക്കാൻ അനുവദിക്കണമെന്നു നിലപാടു വ്യക്തമാക്കി ഹാദിയ സുപ്രീംകോടതിയിൽ. തനിക്കു സ്വാതന്ത്ര്യം വേണം. പഠനം പൂർത്തിയാക്കാൻ അനുവദിക്കണം. മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മർദ്ദം സഹിക്കാതെയാണു വീടുവിട്ടത്– സുപ്രീംകോടതിയുടെ ചോദ്യങ്ങൾക്കു മറുപടിയായി ഹാദിയ പറഞ്ഞു.

പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ സുപ്രീംകോടതിയോടു നിലപാടു വ്യക്തമാക്കിയത്. മലയാളത്തിലായിരുന്നു ഹാദിയയുടെ മറുപടികൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹാദിയയോട് നിലപാടു ചോദിച്ചറിഞ്ഞത്.

പഠനം സർക്കാരിന്റെ ചെലവിൽ വേണമോയെന്ന ചോദ്യത്തിന് ഭർത്താവ് ഷഫിൻ ജഹാന് തന്റെ പഠനചെലവു വഹിക്കാൻ കഴിയുമെന്ന് ഹാദിയ മറുപടി നൽകി. ഭർത്താവാണ് തന്റെ രക്ഷകർത്താവ്. സർക്കാർ ചെലവിൽ പഠനം പൂർത്തിയാക്കാനില്ലെന്നും ഹാദിയ വ്യക്തമാക്കി. ഷഫിൻ തന്റെ ഭർത്താവാണെന്നു ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മാധ്യമപ്രവർത്തരോടു ഹാദിയ പറഞ്ഞിരുന്നു.

ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തളളിയിരുന്നു. അടച്ചിട്ട മുറിയിൽ മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നു വ്യക്തമാക്കിയാണു സുപ്രീംകോടതിയുടെ തീരുമാനം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതിയിൽ നടപടികൾ തുടങ്ങിയത്.

വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയില്‍:

സ്വാതന്ത്ര്യം വേണം

പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം

സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താത്പര്യമുണ്ടോ എന്ന് കോടതി

ഭര്‍ത്താവിന്റെ ചെലവില്‍ പഠിക്കാനാണ് ആഗ്രഹമെന്ന് ഹാദിയയുടെ മറുപടി

കോടതി: സംരക്ഷണത്തിന് ലോക്കല്‍ ഗാര്‍ഡിയനെ ഏര്‍പ്പെടുത്താം. ഡോക്ടറാകാന്‍ എല്ലാ സഹായവും ചെയ്യാം

ഹാദിയ: ഭര്‍ത്താവ് സംരക്ഷിച്ചോളും

മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മർദ്ദം സഹിക്കാതെയാണ് വീടുവിട്ടത്– ഹാദിയ

താൻ നിയമവിരുദ്ധമായ കസ്റ്റടിയിൽ ആണെന്നും ഹാദിയ