കാവ്യയെയും മകള്‍ മീനാക്ഷിയെയും ഒപ്പം കൂട്ടി ദിലീപ് ഇന്ന് ദുബായിലേക്ക്; സംശയത്തോടെ പോലീസ്: കരാമയിലെ ‘ദേ പുട്ട്’ ഉദ്ഘാടനം കൊഴുപ്പിക്കാന്‍ അണിയറക്കാര്‍

single-img
27 November 2017

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വിദേശത്തു പോകുന്നത്. ദിലീപും നാദിര്‍ഷയും ഒരുമിച്ച് തുറക്കുന്ന ‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബായിലേക്ക് പോകുന്നതെങ്കിലും ഇത് പോലീസ് സംശയത്തോടു കൂടിയാണ് വീക്ഷിക്കുന്നത്.

ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റുമെന്നാണ് വിവരം. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിക്കുമൊപ്പമാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ മൊബൈല്‍ ഫോണും ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡും താരം വിദേശത്തേക്ക് കടത്തിയെന്നാണ് പോലീസിന്റെ സംശയം.

തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നത് പോലീസിന്റെ സംശയം വര്‍ധിപ്പിക്കുന്നു. മെമ്മറികാര്‍ഡും മൊബൈല്‍ഫോണും ദുബായില്‍ ആണുള്ളതെങ്കില്‍ അത് രണ്ടും ഇനി പുറംലോകം കാണില്ലെന്നാണ് വിലയിരുത്തല്‍.

നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പോലീസ് പറയുന്നു. ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.

നാദിര്‍ഷയും ദുബായിലെ വ്യവസായികളുമടക്കം അഞ്ചു പേര്‍ ചേര്‍ന്നാണ് ദേ പുട്ട് കരാമയില്‍ ആരംഭിക്കുന്നത്. നാദിര്‍ഷയും ദുബായിലെ പാര്‍ട്ണര്‍മാരുമാണ് റസ്റ്റോറന്റിന്റെ നിയമപരമായ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു.

എന്നാല്‍, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്കു പണികള്‍ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്. ഒട്ടേറെ മലയാളി റസ്റ്റോറന്റുകളുള്ള ദുബൈയിലെ പ്രധാനസ്ഥലമാണ് കരാമ. മലയാളി കുടുംബങ്ങള്‍ നിരവധി താമസിക്കുന്ന പ്രദേശം കൂടിയാണിത്. ഇവിടെ വാരാന്ത്യദിനങ്ങളായ വ്യാഴാഴ്ച വൈകിട്ടും വെള്ളി, ശനി ദിവസങ്ങളിലും മിക്ക റസ്റ്റോറന്റുകളിലും വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്.

കരാമയിലെ പാര്‍ക് റെജിസ് ഹോട്ടലിന് പിന്‍വശത്തായി അല്‍ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദേ പുട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. ലോകത്തെ രുചികരങ്ങളായ ഭക്ഷണങ്ങളെല്ലാം സംഗമിക്കുന്ന ദുബായില്‍ കേരളത്തിന്റെ സ്വന്തം പുട്ടിന്റെ വൈവിധ്യങ്ങള്‍ നുകരാന്‍ സ്വദേശികളും ഇതര രാജ്യക്കാരുമെത്തുമെന്നാണ് പ്രതീക്ഷ.

ഉദ്ഘാടനത്തിന് ശേഷം രണ്ടു ദിവസം ദുബായില്‍ തങ്ങിയ ശേഷമായിരിക്കും ദിലീപിന്റെ മടക്കം. കാവ്യാ മാധവനുമൊത്തുള്ള വിവാഹം കഴിഞ്ഞ് ആദ്യമെത്തിയപ്പോള്‍ ലഭിച്ച വന്‍ സ്വീകരണം ഈ വരവില്‍ കിട്ടുമോയെന്ന് നടന് തന്നെ സംശയമുണ്ട്. ദിലീപ് എവിടെയാണ് തങ്ങുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം കഴിഞ്ഞയാഴ്ചയാണ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത് നടി മഞ്ജു വാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാണ്. 1500 ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.