ദിലീപ് കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി: ഭാര്യയെയും മകളെയും കൂട്ടി വിദേശത്തേക്ക്

single-img
27 November 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് വിദേശയാത്രയ്ക്കായി കോടതിയിലെത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റി. വൈകിട്ട് 3.40 ഓടെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റിയത്. നടന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി ദിലീപിന് അനുമതി നല്‍കിയിരുന്നു.

ഇന്ന് വൈകിട്ട് ദിലീപ് ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരോടൊപ്പം ദുബായിലേക്ക് പോകും. ദിലീപിന്റെ കൂടെ സംവിധായകന്‍ നാദിര്‍ഷായുടെ കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണു 29ന് റസ്റ്റോറന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. കോഴിക്കോട് ഇവര്‍ ഉദ്ഘാടനം ചെയ്ത ദേ പുട്ടിന്റെ ശാഖ വന്‍ വിജയമായിരുന്നു. ഇതാണ് ഉമ്മയെ വീണ്ടും ഉദ്ഘാടകനാക്കാന്‍ ദിലീപും നാദിര്‍ഷായും തീരുമാനിച്ചത്.

നവംബര്‍ 21 നാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ആറുദിവസത്തേക്കാണ് പാസ്‌പോര്‍ട്ട് വിട്ടുനല്‍കിയിരിക്കുന്നത്. ഇതില്‍ നാലുദിവസം മാത്രമാണ് വിദേശത്ത് തങ്ങാന്‍ അനുമതിയുള്ളത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസത്തിനകം താരം കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പൊലീസിനെ അറിയിച്ചിരിക്കുന്നത്.

ദുബായില്‍ താരം താമസിക്കുന്നതെവിടെ, ആരെയൊക്കെയാണ് കാണുന്നത്, എന്തൊക്കെയാണ് കാര്യപരിപാടികള്‍ തുടങ്ങിയവ ഇതിനോടകം തന്നെ പൊലീസിനെ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് ഈ യാത്ര. നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ മുന്നോട്ടുവെച്ച ഉപാധികളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തത്.