അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് സാധ്യത: ബാലി വിമാനത്താവളം അടച്ചു

single-img
27 November 2017

ജക്കാര്‍ത്ത: ബാലിയിലെ മൗണ്ട് അഗുങ് അഗ്‌നിപര്‍വതത്തിലെ സ്‌ഫോടന സാധ്യത കണക്കിലെടുത്ത് ബാലി വിമാനത്താവളം അടച്ചു. വിനോദ സഞ്ചാരത്തിനായി പോയ ആയിരക്കണക്കിനു പേരാണ് ഇതോടെ ബാലിയില്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ദിവസം അഗ്‌നിപര്‍വതത്തില്‍നിന്നുള്ള ചാരം ബാലി രാജ്യാന്തര വിമാനത്താവളത്തിനു സമീപം വരെ എത്തിയതോടെയാണ് വിമാനത്താവളം അടച്ചതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഏഴു വിമാനങ്ങള്‍ ജക്കാര്‍ത്ത, സുരബായ, സിംഗപ്പൂര്‍ വഴി തിരിച്ചിവിട്ടതായി അധികൃതര്‍ അറിയിച്ചു. ലോംബോക്കിനു സമീപമുള്ള അന്താരാഷ്ട്ര വിമാനത്താവളവും ഞായറാഴ്ച അടച്ചിട്ടിരുന്നു.

അഗ്‌നിപര്‍വതത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരോടു മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

24 മണിക്കൂറത്തേയ്ക്ക് അടച്ചിരിക്കുന്ന വിമാനത്താവളം സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം ചൊവ്വാഴ്ച തുറക്കും. ഇന്തൊനീഷ്യയിലെ ബാലിയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതമാണ് മൗണ്ട് അഗുങ്. ഇത് ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന സ്ഥിതിയിലാണിതെന്നാണു വിലയിരുത്തല്‍. ഈമാസം 26ന് അഗ്‌നിപര്‍വം ചെറുതായി പൊട്ടിത്തെറിച്ചിരുന്നു.