ആര്‍. അശ്വിന് ലോക റെക്കോഡ്: 36 വര്‍ഷം മുമ്പുള്ള ലില്ലിയുടെ റെക്കോഡ് പഴങ്കഥയാക്കി

single-img
27 November 2017

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം എന്ന റെക്കോഡ് ഇനി ഇന്ത്യയുടെ ആര്‍. അശ്വിന് സ്വന്തം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റും നേടിയതോടെയാണ് അശ്വിന്‍ 300 വിക്കറ്റില്‍ വേഗക്കാരില്‍ ഒന്നാമനായത്.

ലങ്കയുടെ ലഹിരു ഗാമേജായിരുന്നു അശ്വിന്റെ മൂന്നൂറാമത് ഇര. കരിയറിലെ 54ാം മത്സരത്തിലാണ് അശ്വിന്‍ 300 വിക്കറ്റ് തികച്ചത്. 56 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയിരുന്ന ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിന്‍ രണ്ടാമനാക്കിയത്.

1981ല്‍ പാകിസ്താനെതിരെയായിരുന്നു ഡെന്നീസ് ലില്ലിയുടെ നേട്ടം. 58 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയ ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് വേഗക്കാരില്‍ മൂന്നാമന്‍. 66–ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തിയ അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ റെക്കോര്‍ഡും അശ്വിന്‍ മറികടന്നു.

നാഗ്പൂര്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലുമായി അശ്വിന്‍ എട്ട് വിക്കറ്റാണ് വീഴ്ത്തിയത്. കൊല്‍ക്കത്ത ടെസ്റ്റില്‍ വിക്കറ്റൊന്നും വീഴ്ത്താനാവാതെ വിഷമിച്ച അശ്വിന് ആശ്വാസം പകരുന്ന നേട്ടം കൂടിയായിത്. മറ്റൊരു സ്പിന്നറായ രവീന്ദ്ര ജഡേജ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇന്നിങ്‌സിനും 239 റണ്‍സിനുമായിരുന്നു ലങ്കയെ ഇന്ത്യ തോല്‍പിച്ചത്. വിരാട് കോഹ്ലിയുടെ ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് 610 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. കോഹ്ലി 213 റണ്‍സ് നേടി. പുജാര(143)മുരളി വിജയ്(128) രോഹിത് ശര്‍മ്മ(102) എന്നിവരും തിളങ്ങിയിരുന്നു.