താനും ആസിഫ് അലിയും ഒരുമിച്ച് വന്നവരാണ്; അവന്‍ ചോദിക്കുന്ന പണം എനിക്ക് ചോദിക്കാന്‍ കഴിയുന്നില്ല: വെളിപ്പെടുത്തലുമായി റിമ കല്ലിങ്കല്‍

single-img
27 November 2017

പീഡനങ്ങള്‍ മാത്രമല്ല സ്ത്രീകളായി പോയി എന്നതിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്ന പ്രവണതയും സിനിമയിലുണ്ടെന്ന് റിമ കല്ലിങ്കല്‍. താനും ആസിഫ് അലിയും സിനിമയില്‍ ഒന്നിച്ച് തുടക്കം കുറിച്ചവരാണ്. എന്നാല്‍ അവന്‍ ചോദിക്കുന്ന പ്രതിഫലം ഇന്നെനിക്ക് ചോദിക്കാന്‍ കഴിയുന്നില്ല, അല്ലെങ്കില്‍ കിട്ടുന്നില്ല. അതാണ് സിനിമ മേഖലയിലെ പ്രധാന വകഭേദമെന്നും റിമ പറയുന്നു.

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈയിലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ആണ്‍ പെണ്‍ ഭേദമില്ലാതെ ജോലി ചെയ്യുന്നവര്‍ നമ്മൂടെ ലോകത്ത് ജീവിക്കുന്നുണ്ട്. എന്നാല്‍ അത് ഇവിടെയില്ല. ഇത്തരം അനുഭവങ്ങള്‍ തനിക്ക് കുറച്ച് മാത്രമെ അനുഭവിക്കേണ്ടി വന്നിട്ടുള്ളു. കാരണം സിനിമയില്‍ വന്ന കാലം മുതല്‍ തനിക്ക് കിട്ടേണ്ടതെല്ലാം താന്‍ ചോദിച്ച് വാങ്ങാറുണ്ടെന്നും റിമ കല്ലിങ്കല്‍ പറയുന്നു.

വീട് മുതല്‍ ജോലി സ്ഥലം വരെ സമൂഹത്തില്‍ സ്ത്രീകളോടും പുരുഷന്മാരോടും വേര്‍തിരിവ് കാണിക്കുന്നുണ്ടെന്നും അത് സിനിമയില്‍ പ്രകടമായി കാണാന്‍ കഴിയുമെന്നും റിമ വ്യക്തമാക്കി. സിനിമയില്‍ വരുന്നതിന് നാല് കൊല്ലം മുമ്പ് താന്‍ ഒരു ഇന്റര്‍നാഷണല്‍ ഡാന്‍സ് കമ്പിനിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

സിനിമ എന്നും എനിക്ക് ഇഷ്ടമുള്ള മേഖലയാണ്. കരിയറിനായി ജേണലിസവും ഫെര്‍ഫോമറെന്ന നിലയില്‍ ഡാന്‍സെന്ന കലാരൂപവും അറിയാമെന്നും റിമ പറയുന്നു. ഡാന്‍സിന്റെ ഭാഗമായി പല നാടുകളിലും പോയിട്ടുണ്ട്. ഈ കലാരൂപത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ഇറങ്ങിയതാണ്.

എന്നാല്‍ അതിന്റെ പേരില്‍ ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്നും റിമ വ്യക്തമാക്കുന്നു. ശക്തമായ നിലപാട് എടുക്കണമെന്ന് മാത്രമാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളൂ. പറയാനുള്ളത് എന്താണെങ്കിലും തുറന്ന് പറയണം. വിട്ടു വീഴ്ചയ്ക്ക് നിന്നാല്‍ വ്യക്തിത്വമാണ് നഷ്ടമാവുന്നതെന്നും റിമ സൂചിപ്പിച്ചു.

2009 ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെയായിരുന്നു ആസിഫ് അലിയും റിമ കല്ലിങ്കലും ആദ്യമായി സിനിമയിലേക്കെത്തുന്നത്.