മനശാസ്ത്രജ്ഞരെന്ന പേരില്‍ എത്തിയ നാലുപേര്‍ ഹാദിയയെ ഘര്‍വാപസി നടത്താന്‍ ശ്രമിച്ചു: നിര്‍ണായക വെളിപ്പെടുത്തല്‍

single-img
27 November 2017

കൊച്ചി: ഹാദിയ വീട്ടു തടങ്കലിലായിരിക്കെ അവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍.
ഞാന്‍ അവിടെ പോയ പോലെ പലരും ഹാദിയയെ കാണാന്‍ വന്നിരുന്നു. എന്നാല്‍ നാല് സംഘങ്ങള്‍ എത്തിയത് ഘര്‍വാപസി നടത്താന്‍ വേണ്ടി ആയിരുന്നു. അവര്‍ മനശാസ്ത്രജ്ഞരെന്ന പേരിലാണ് ഹാദിയയെ കണ്ടത്. എന്നിട്ട് ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ട് വരാനാണ് ശ്രമിച്ചതെന്നും പോലീസ് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും രാഹുല്‍ പറഞ്ഞു.

ഹാദിയയെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനല്ല താന്‍ അവിടെ പോയതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. മറിച്ച് എന്തുകൊണ്ട് ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചുവെന്ന് അറിയാനാണ്. ഈ മതംമാറ്റം ലൗ ജിഹാദുമായി ബന്ധമില്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. മതം പഠിച്ചാണ് ഹാദിയ ഇസ്ലാം സ്വീകരിച്ചത്. അതില്‍ തെറ്റുപറയാന്‍ സാധിക്കില്ല. ഹാദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് പീഡിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നിയതു കൊണ്ടാണ് വീഡിയോ സൂക്ഷിച്ചതെന്നും രാഹുല്‍ പറഞ്ഞു.

മതപരിവര്‍ത്തനം തടയാന്‍ ഹാദിയയെ ക്രൂശിച്ചത് കൊണ്ടായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എന്‍ഐഎയ്ക്ക് ഒന്നും കണ്ടെത്താന്‍ സാധിക്കില്ലെന്നും ഇതില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഒന്നും തന്നെ ഇല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. യഥാര്‍ഥ ഹിന്ദുവിന് ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.