സിപിഐയെ യുഡിഎഫിലേക്ക് പരസ്യമായി ക്ഷണിച്ച് തിരുവഞ്ചൂര്‍: മറുപടി ചിരിയില്‍ ഒതുക്കി പ്രകാശ് ബാബു

single-img
26 November 2017

സിപിഐയ്ക്ക് യുഡിഎഫിലേക്ക് വരാനുള്ള സാധ്യതകള്‍ തുറന്നിട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സിപിഐയ്ക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരുമിച്ച് പൊരുതാന്‍ കേരളം അനുവദിക്കട്ടെ എന്നാണ് തന്റെ ആഗ്രഹം.

കോട്ടയത്ത് റവന്യൂ ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ പതിനാറാമത് സംസ്ഥാന സമ്മേളനത്തില്‍ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രസ്താവന. പ്രകാശ് ബാബുവുമായി സൗഹൃദവും പങ്കിട്ടാണ് തിരുവഞ്ചൂര്‍ വേദിവിട്ടത്.

ഇ ചന്ദ്രശേഖരനെയും സി അച്യുതമേനോനെയും തിരുവഞ്ചൂര്‍ സംസാരത്തിനിടെ പുകഴ്ത്തി. അച്യുതമേനോന്‍ കേരളം കണ്ട മികച്ച മുഖ്യമന്ത്രിയായിരുന്നുവെന്നും കേരളത്തിന്റെ സുവര്‍ണ്ണ കാലഘട്ടം അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലഘട്ടമായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

റവന്യു മന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണയോജിപ്പാണുള്ളത്. എന്നാല്‍ വകുപ്പിന്റെ തലപ്പത്തിരിക്കുന്നവര്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നു. മന്ത്രി അറിയാതെ മറ്റ് യോഗങ്ങള്‍ക്ക് പോകുന്നതും ഡിപ്പാര്‍ട്ട്‌മെന്റ് അഭിപ്രായങ്ങള്‍ പറയുന്നതും നാട്ടില്‍ നടപ്പുള്ള കാര്യങ്ങളല്ല. ഭൂമി വിഷയത്തില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ച് മുന്നേറ്റമുണ്ടാകണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.