തൃശൂരില്‍ മരിച്ചത് തങ്ങളുടെ പ്രവര്‍ത്തകനെന്ന് ബിജെപിയും സിപിഎമ്മും: മൃതദേഹം ഏറ്റെടുക്കാന്‍ ‘സന്ദേശം’ സ്‌റ്റൈലില്‍ എത്തിയവരെ പോലീസ് ആട്ടിയോടിച്ചു

single-img
26 November 2017

തൃശൂര്‍: കയ്പമംഗലത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റു മരിച്ച ആളെച്ചൊല്ലി പാര്‍ട്ടികളുടെ അവകാശത്തര്‍ക്കം. മരിച്ചത് തങ്ങളുടെ പ്രവര്‍ത്തകനാണ് എന്നവകാശപ്പെട്ടാണ് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് കയ്പമംഗലം വെസ്റ്റ് പവര്‍ സ്റ്റേഷന് സമീപം വെച്ച് ഇരുവിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.

സംഘര്‍ഷത്തിനിടയില്‍ സതീശന്റെ സഹോദരപുത്രനെ പിടിച്ചുമാറ്റാന്‍ ചെന്ന ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. കൂട്ടത്തില്‍ ഇരുവിഭാഗത്തില്‍ നിന്നുമായി ആറുപേര്‍ക്ക് കൂടി പരിക്കേറ്റിരുന്നു. തുടര്‍ന്ന് സതീശന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തൃശൂര്‍ മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. മരണ വിവരം അറിഞ്ഞ ഉടന്‍ തന്നെ സി.പി.എം പ്രവര്‍ത്തകര്‍ സതീശന്റെ വീട്ടിലെത്തി. എന്നാല്‍, പത്തുമണിയോടെ വീട്ടിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.എമ്മുകാരോട് കയര്‍ക്കുകയും ബഹളം വെക്കുകയും ചെയ്തു.

തര്‍ക്കം രൂക്ഷമായതോടെ അവകാശവാദവുമായി എത്തിയ ഇരുകൂട്ടരേയും പോലീസ് പുറത്താക്കി. ഒരു മാസം മുമ്പ് കയ്പമംഗലം സി.പി.എമ്മിലെ ചിലര്‍ ബി.ജെ.പിയിലേക്ക് മാറിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

അതേസമയം, സതീശന്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് ഭാര്യ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘത്തെ നിലയുറപ്പിച്ചിട്ടുണ്ട്.

കടപ്പാട്: മനോരമ