26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും രജനികാന്തും വീണ്ടും ഒന്നിക്കുന്നു

single-img
26 November 2017

26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാറും മലയാളത്തിന്റെ മെഗാ സ്റ്റാറും വീണ്ടും ഒന്നിക്കുന്നു. 1991ല്‍ റിലീസായ മണിരത്‌നം ചിത്രം ദളപതിക്കു ശേഷം പസായദന്‍ എന്ന മറാഠി ചിത്രത്തിനു വേണ്ടിയാണ് രജനികാന്തും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഇടക്’ എന്ന മറാത്തി ചിത്രത്തിന്റെ സഹ എഴുത്തുകാരനാണ് ദീപക് ഭാവെ. നിര്‍മ്മാതാവും രാഷ്ട്രീയ നേതാവുമായ ബാലകൃഷ്ണ സുര്‍വെ ആണ് ചിത്രം നിര്‍മ്മിക്കുക.

അതേസമയം രജനിയുടെ അടുത്ത തമിഴ് ചിത്രമായ ‘കാല’യില്‍ മമ്മൂട്ടി അംബേദ്കറായി അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി ഒരു അധോലോക നേതാവായാണെത്തുന്നത്. നിലവില്‍ ശങ്കറിന്റെ 2.0 എന്ന ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്.

ഏഷ്യയിലെ തന്നെ ചെലവേറിയ ചിത്രമായി ഇത് മാറിയേക്കും. അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എ.ആര്‍.റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രം ത്രീ ഡിയിലാണ് ഒരുങ്ങുന്നത്. മാസ്റ്റര്‍പീസിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.