ഗര്‍ഭിണികള്‍ മലര്‍ന്നു കിടക്കരുതെന്ന് പറയുന്നത് എന്തുകൊണ്ടെന്നോ?

single-img
26 November 2017

പലര്‍ക്കും നല്ല ഉറക്കം ലഭിയ്ക്കാന്‍ പലതരം കിടപ്പു വശങ്ങളുണ്ട്. ചിലര്‍ക്ക് കമിഴ്ന്നു കിടന്നാല്‍, ചിലര്‍ക്ക് വശം തിരിഞ്ഞു കിടന്നാല്‍, ചിലര്‍ക്ക് മലര്‍ന്നു കിടന്നാല്‍, എന്നിങ്ങനെ പോകുന്നു ഇത്. എന്നാല്‍ പലപ്പോഴും ഗര്‍ഭിണികളുടെ കാര്യത്തിലായിരിയ്ക്കും ഇങ്ങനെ കിടക്കരുത്, അങ്ങനെ കിടക്കരുത് എന്നിങ്ങനെ നിര്‍ദേശങ്ങളുണ്ടാവുക.

ഗര്‍ഭിണികള്‍ മലര്‍ന്നു കിടന്നാല്‍ ഗര്‍ഭകാലം 28 ആഴ്ച പിന്നിട്ട ശേഷം ചാപിള്ളയെ പ്രസവിക്കാനുള്ള സാധ്യത 2.3 ഇരട്ടിയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ബ്രിട്ടിഷ് ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഗര്‍ഭിണിയായ സ്ത്രീ മലര്‍ന്നു കിടക്കുമ്പോള്‍ കുഞ്ഞിന്റെയും ഗര്‍ഭപാത്രത്തിന്റെയും ഭാരം രക്തക്കുഴലുകളില്‍ സമ്മര്‍ദം ഏല്‍പ്പിക്കും. ഇത് രക്തപ്രവാഹത്തെയും കുഞ്ഞിന് ഓക്‌സിജന്‍ ലഭിക്കുന്നതിനെയും തടസ്സപ്പെടുത്തും. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ അലക്‌സാണ്ടര്‍ ഹെയ്‌സലിന്റെ നേതൃത്വത്തില്‍ 1000 ഗര്‍ഭിണികളിലാണ് പഠനം നടത്തിയത്.

അവരുടെ ഉറക്ക ശീലങ്ങള്‍ നിരീക്ഷിച്ചതിലൂടെ ഇടതുവശം ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നവരെ അപേക്ഷിച്ച് മലര്‍ന്നു കിടന്നുറങ്ങുന്ന ഗര്‍ഭിണികള്‍ ചാപിള്ളയെ പ്രസവിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നു കണ്ടെത്തി. വളരെ കുറഞ്ഞതോ കൂടിയതോ ആയ ഉറക്കസമയം, എല്ലാ ദിവസവും ഉള്ള പകലുറക്കം, രാത്രിയില്‍ ഒരിക്കല്‍ മാത്രം ടോയ്‌ലറ്റില്‍ പോകുക, ഒരിക്കല്‍ പോലും ടോയ്‌ലറ്റില്‍ പോകാതിരിക്കുക തുടങ്ങിയ ശീലങ്ങളും ചാപിള്ളയെ പ്രസവിക്കാന്‍ കാരണമാകുന്നു.

അതേസമയം ഗര്‍ഭിണികള്‍ ഇടതുവശം ചരിഞ്ഞുറങ്ങുന്നത് ഗര്‍ഭസ്ഥ ശിശുവിന് കൂടുതല്‍ പോഷകങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കും. തല അല്‍പം ഉയര്‍ത്തി വച്ച് ഇടതു വശം ചരിഞ്ഞുറങ്ങുന്നത് ആസിഡ് റിഫ്‌ളക്‌സ് കുറയ്ക്കുകയും നല്ല ഉറക്കത്തിന് ഇടതുവശം ചരിഞ്ഞുറങ്ങുന്നത് സഹായിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.