നിങ്ങള്‍ തുടര്‍ച്ചയായി മൗത്ത്‌വാഷ് ഉപയോഗിക്കുന്നവരാണോ?: എങ്കില്‍ സൂക്ഷിച്ചോളൂ

single-img
26 November 2017

തുടര്‍ച്ചയായി മൗത്ത്‌വാഷ് ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. യു.എസിലെ ഹാര്‍വഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനടക്കം ഒരുകൂട്ടം ഗവേഷകരാണ് മൗത്ത്‌വാഷ് ഉപയോഗിച്ചാല്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

തുടര്‍ച്ചയായ മൗത്ത്‌വാഷിന്റെ ഉപയോഗം വായയിലെ ജീവാണുവിനെ നശിപ്പിക്കുകയും പ്രമേഹവും പൊണ്ണത്തടിയും വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. രണ്ടുനേരം മൗത്ത്‌വാഷ് ഉപയോഗിക്കുന്ന 55 ശതമാനം ആളുകളില്‍ പ്രമേഹത്തിന്റെ അളവ് കൂടിയതായും മൂന്നുവര്‍ഷത്തിനുള്ളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതായുമാണ് പഠനം.

മൗത്ത്‌വാഷില്‍ ഉപയോഗിക്കുന്ന പല ഘടകങ്ങളും വായയിലുണ്ടാകുന്ന ദുഷിച്ച ബാക്ടീരിയകളെ നശിപ്പിക്കുന്നില്ലെന്ന് ഹാര്‍വഡ് സ്‌കൂളിലെ പൊതുജനാരോഗ്യ വിഭാഗം പ്രഫസര്‍ കൗമുദി ജോഷിപുര പറഞ്ഞു. സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കുന്ന 40നും 65നും ഇടയില്‍ പ്രായമുള്ള 1206 പേരില്‍ അമിതവണ്ണവും പ്രമേഹത്തിന്റെ വര്‍ധിച്ച അളവും രേഖപ്പെടുത്തിയതായി നൈട്രിക് ഓക്‌സൈഡ് ജേണലില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

കൂടാതെ, മൗത്ത് വാഷ് ഉപയോഗംമൂലം നൈട്രിക് ഓക്‌സൈഡിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കും. തുടര്‍ന്ന് മെറ്റബോളിസം വര്‍ധിച്ച് അമിതവണ്ണം വെക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥ കുറക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു.