ഇപ്പോള്‍ ഇന്ത്യയുടെ വില എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി: ബിജെപി നേതാക്കള്‍ മന്‍കി ബാത്ത് കേട്ട് ചായ കുടിച്ചു

single-img
26 November 2017

എല്ലാവരേയും സംരക്ഷിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തില്‍ മോദി പറഞ്ഞു. ‘ഇന്ന് ഭരണഘടനാ ദിനമാണ്. ഭരണ ഘടനാ നിര്‍മ്മാണത്തില്‍ ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ മഹത്തായ സംഭാവന നമ്മള്‍ ഓര്‍ക്കേണ്ടതാണ്.

അദ്ദേഹത്തെ നമ്മള്‍ സ്മരിക്കണം. അതേ സമയം ഒമ്പത് വര്‍ഷം മുമ്പ് ഇതുപോലൊരു നവംബര്‍ 26ന് മുംബൈ നഗരം ഭീകരവാദികള്‍ ആക്രമിച്ചതും ആരും മറന്നു കൂടാ. പൗരന്‍മാരും ധീര ജവാന്‍മാരും രാജ്യത്തിനായി നടത്തിയ ത്യാഗവും നാം മറക്കരുത്.

നാല് പതിറ്റാണ്ടായി ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളി ഇന്ത്യ ലോകത്തോട് പറയുന്നു. ആദ്യഘട്ടത്തില്‍ ലോകം ഇന്ത്യയെ കാര്യമായെടുത്തില്ല. എന്നാല്‍ ഭീകരവാദത്തിന്റെ വിനാശകരമായ വശം ഇന്ന് ലോകം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ബിജെപി നേതാക്കള്‍ കേട്ടത് ചായ കുടിച്ചുകൊണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ചായവില്‍പ്പനക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതിനെതിരേയായിരുന്നു പ്രതിഷേധം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി തുടങ്ങിയവര്‍ ചായ കുടിച്ച് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായവില്‍പ്പനക്കാരനെന്ന് പരിഹസിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ട്രോളിറക്കിയത്. യുവ ദേശ് എന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ മാഗസിനിലൂടെയായിരുന്നു മോദി പരിഹാസം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ എന്നിവര്‍ക്കൊപ്പം മോദി സംസാരിക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു പരിഹാസ ട്രോള്‍ ഉണ്ടാക്കിയത്.