അവശ്യ മരുന്നുകളുടെ വില കുറച്ചു; ചില മരുന്നുകള്‍ക്ക് ചെറിയ തോതില്‍ വില കൂടും

single-img
26 November 2017

സാധാരണക്കാര്‍ക്ക് ആശ്വാസമായി അവശ്യ മരുന്നുകളുടെ വില കുറച്ചു. പ്രമേഹത്തിനും അര്‍ബുദത്തിനുമടക്കമുള്ള 51 അവശ്യമരുന്നുകളുടെ വിലയാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വെട്ടിക്കുറച്ചത്.

ഇതോടെ മരുന്നുകളുടെ വിലയില്‍ ആറു ശതമാനം മുതല്‍ 53 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. സ്തനാര്‍ബുദത്തിനുള്ള ട്രാന്‍സ്റ്റുസുമാബ് ഇന്‍ജക്ഷന്‍, മസ്തിഷ്‌ക കാന്‍സറിനുള്ള ടെമോസോളോമൈഡ് എന്നിവയുടെ വിലയും പകുതിയായി കുറയും.

കാന്‍സര്‍ മരുന്നിനൊപ്പം പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വേദനസംഹാരികള്‍ എന്നിവയ്ക്കും വില കുറയും. ജപ്പാന്‍ ജ്വരത്തിനെതിരായ വാക്‌സിനും ബിസിജി കുത്തിവയ്പും വില കുറയ്ക്കുന്നവയുടെ പട്ടികയിലുണ്ട്. അഞ്ചാം പനിക്കും റുബെല്ലയ്ക്കുമെതിരായ പ്രതിരോധ വാക്‌സിനും വിലക്കുറവുണ്ടാകുമെന്നാണ് വിവിരം.

ചില മരുന്നുകള്‍ക്ക് ചെറിയ തോതില്‍ വില വര്‍ധിക്കും. 191 മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി ആരോഗ്യമന്ത്രാലയം അവശ്യമരുന്നുകളുടെ പട്ടിക വിപുലീകരിച്ചിരുന്നു. നേരത്തെ 684 മരുന്നുകളായിരുന്നു അവശ്യമരുന്നുകളുടെ പട്ടികയിലെങ്കില്‍ പുതിയ കണക്കനുസരിച്ച് 875 മരുന്നുകളുണ്ട്.