സച്ചിന്റെ മറ്റൊരു റെക്കോഡും കോഹ്ലി തകര്‍ത്തു: സെഞ്ചുറിയോടെ ഇന്ന് നേടിയത് മൂന്ന് റെക്കോഡുകള്‍

single-img
26 November 2017

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ ഒരു പിടി റെക്കോഡുകളും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ന് സ്വന്തം പേരില്‍ കുറിച്ചു. ഏറ്റവും വേഗത്തില്‍ പത്തൊന്‍പത് ടെസ്റ്റ് സെഞ്ച്വറികള്‍ തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സച്ചിനില്‍ നിന്നും താരം തട്ടിയെടുത്തു.

സച്ചിന് 105 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നപ്പോള്‍ കോഹ്ലി 104 ഇന്നിംഗ്‌സുകളില്‍ ഈ നേട്ടം കൈവരിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടുന്ന ക്യാപ്റ്റനെന്ന ബഹുമതിയും കോഹ്ലി (10 സെഞ്ച്വറികള്‍) സ്വന്തമാക്കി.

ഇക്കാര്യത്തില്‍ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയാണ് (9 സെഞ്ച്വറികള്‍ 2006, 2009) കോഹ്ലി മറികടന്നത്. ഈ വര്‍ഷം ടെസ്റ്റില്‍ ഏഴും ഏകദിനത്തില്‍ മൂന്നും ശതകങ്ങളാണ് കോഹ്ലി സ്വന്തമാക്കിയത്.

ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും കോഹ്ലി സ്വന്തമാക്കി. 74 ഇന്നിംഗ്‌സില്‍ 11 സെഞ്ച്വറികള്‍ നേടിയ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറിനെയാണ് കോഹ്ലി 49 ഇന്നിംഗ്‌സുകളില്‍ 12 സെഞ്ച്വറികള്‍ നേടി മറികടന്നത്.