ഹാദിയയുടെ നിലപാട് കണക്കില്‍ എടുക്കാനാകില്ലെന്ന് എന്‍ഐഎ: ഹാദിയ കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതെന്ന് കുമ്മനം; ‘മകള്‍ എങ്ങനെ ജീവിക്കണമെന്ന് അച്ഛന് അഭിപ്രായമുണ്ടാവും’

single-img
26 November 2017

ഹാദിയയെ നാളെ സുപ്രീംകോടതിയില്‍ ഹാജരാക്കും. കേരള ഹൗസില്‍ താമസിക്കുന്ന ഹാദിയയ്ക്കും മാതാപിതാക്കള്‍ക്കും കേരള പോലീസിന്റേയും ഡല്‍ഹി പോലീസിന്റേയും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 9.30ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഹാദിയെ പോലീസ് സുരക്ഷയോടെ 11 മണിയോടെയാണ് കേരള ഹൗസിലെത്തിച്ചത്.

അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന്‍ ജഹാനുമായി വിവാഹം കഴിച്ചതെന്ന ഹാദിയയുടെ നിലപാട് കണക്കില്‍ എടുക്കാനാകില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയ കേസിനെ സംബന്ധിച്ച് എന്‍ഐഎയുടെ കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നാലു മുദ്ര വച്ച കവറുകളിലായാണ് സുപ്രീം കോടതിക്ക് വ്യാഴാഴ്ച കൈമാറിയത്.

ഇതില്‍ ഹാദിയയുടെ മതം മാറ്റം, വിവാഹം എന്നിവ സംബന്ധിച്ച്, ഹാദിയ, ഷെഫിന്‍ ജഹാന്‍, അശോകന്‍, അശോകന്റെ ഭാര്യ, സത്യസരണി ഭാരവാഹികള്‍, സൈനബ, അബൂബക്കര്‍ തുടങ്ങി 15 ഓളം പേരുടെ മൊഴികളുമുണ്ട്. ഇതിനിടെ ദില്ലിയില്‍ ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം ഹാദിയ വിഷയം കേവലം പ്രണയവിവാഹം മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയയുടെ അച്ഛന്‍ പറയുന്നതു കൂടി കേള്‍ക്കണം.

മകള്‍ എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് അച്ഛന് അഭിപ്രായമുണ്ടാവും. ഹാദിയ കേസ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ പുറത്തു പറഞ്ഞതല്ല സുപ്രീം കോടതിയില്‍ പറഞ്ഞതിനാണ് വില നല്‍കേണ്ടത്.
വിഷയം സുപ്രീം കോടതി ഉചിതമായി പരിഗണിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

വൈക്കം സ്വദേശിയായ അഖില മതം മാറി ഹാദിയായി പേര് സ്വീകരിക്കുകയും പിന്നീട് ഷഹീന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തില്‍ ഹാദിയയില്‍ നിന്നും സുപ്രീംകോടതി നാളെ നേരിട്ട് മൊഴിയെടുക്കും. ഉച്ചയ്ക്ക് 3 മണിയ്ക്ക് മുമ്പ് ഹാദിയെ ഹാജരാക്കാനാണ് അച്ഛല്‍ അശോകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.