മുഖസൗന്ദര്യത്തിന് ചെറുനാരങ്ങയും മുട്ടയും കറുവപ്പട്ടയുമൊക്കെ ഉപയോഗിക്കാറുണ്ടോ?: എങ്കില്‍ ഇനി ഇതൊന്നും ഉപയോഗിക്കരുത്

single-img
26 November 2017

സൗന്ദര്യ ചികിത്സകളിലെ പ്രധാന ചെപ്പടിവിദ്യയായാണ് ചെറുനാരങ്ങയും മുട്ടയും ഉപയോഗിച്ചു വരുന്നത്. മുട്ടയുടെ വെള്ളയും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം സൗന്ദര്യ സംരക്ഷണത്തിനായി പൊതുവെ എല്ലാവരും ഉപേയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് മുഖത്തിന് ദോഷമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

പച്ചമുട്ടയില്‍ സാല്‍മോണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തു പുരട്ടിയാല്‍ ഇതിന്റെ അംശങ്ങള്‍ വയറ്റില്‍ എത്തുക വഴി ഭക്ഷ്യവിഷബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട്. അതേസമയം സിട്രിക് ആസിഡ് ധാരാളം അടങ്ങിയ നാരങ്ങാനീര് ചര്‍മത്തിന്റെ സുരക്ഷിതകവചത്തെ നശിപ്പിക്കാന്‍ കാരണമാകും. മാത്രമല്ല, ഇതിലെ ആസിഡ് മുഖത്ത് പുരട്ടുക വഴി പൊള്ളലേല്‍ക്കാനും സാധ്യതയുണ്ട്.

മുട്ടയും ചെറുനാരങ്ങയും മാത്രമല്ല, മുഖത്ത് ആല്‍ക്കഹോള്‍ കണ്ടന്റുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. ആല്‍ക്കഹോള്‍ ചര്‍മത്തിനു ദോഷമാണെന്നു മാത്രമല്ല ചര്‍മത്തിലെ പോഷകങ്ങള്‍ കവര്‍ന്നെടുക്കുകയും നൈസര്‍ഗിക ഭംഗി നഷ്ടമാക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതുപോലെത്തന്നെ മിക്ക ആളുകളും ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍മ സംരക്ഷത്തിനുപയോഗിക്കുന്ന ഒന്നാണ് മയോണീസ്. ഇത് പുരട്ടുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉണ്ടാക്കുന്നത്. മയോണീസിലെ ഘടകങ്ങള്‍ ചര്‍മത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും മുഖത്തു കറുത്ത പാടുകളും മുഖക്കുരുവും ഉണ്ടാക്കുകയും ചെയ്യും.

ബേക്കിങ് സോഡ, കറുവപ്പട്ട എന്നിവയുടെ മിശ്രിതം മുഖത്തു പുരട്ടുന്നതും നല്ലതല്ല. ചര്‍മത്തിലെ PH കണ്ടന്റ് കുറയ്ക്കാന്‍ ഇത് കാരണമാകുന്നു. മൂക്കിന്‍ തുമ്പത്തെ കറുപ്പ്കാരയകറ്റാന്‍ ബേക്കിങ് സോഡ നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത് തെറ്റാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കറുവപ്പട്ട അരച്ചു മുഖത്തു പുരട്ടിയാല്‍ ചൊറിച്ചിലും പുകച്ചിലും ഉണ്ടാകുമെന്ന് മാത്രമല്ല, ചര്‍മത്തിന്റെ സ്വാഭാവികത ഇല്ലാതാക്കാനും ഇത് കാരണമാകും.