ഭീഷണി വേണ്ടെന്ന് നടന്‍ വിശാല്‍: പൊട്ടിത്തെറിച്ച് ഷംന കാസിം; അയാള്‍ ഡീസന്റെന്ന് ദേവയാനി: തമിഴ് സിനിമ രണ്ട് തട്ടില്‍

single-img
25 November 2017


സിനിമാ നിര്‍മാതാവ് അശോക് കുമാറിന്റെ മരണം തമിഴ് സിനിമയെ രണ്ട് ചേരിയാക്കി മാറ്റിയിരിക്കുകയാണ്. അശോക് കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി അന്‍പുചെഴിയാനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കടുത്ത മാനസിക പീഡനം അനുഭവിച്ചത് കൊണ്ടാണ് മരണത്തെക്കുറിച്ച് ആലോചിച്ചതെന്നും എല്ലാവരും മാപ്പ് തരണമെന്നും അശോക് എഴുതിയിരുന്നു.

തമിഴ് സിനിമയിലെ പല പ്രമുഖ നിര്‍മാതാക്കളുടെയും സാമ്പത്തിക സ്രോതസ്സ് അന്‍പുചെഴിയാനാണ്. അതുകൊണ്ട് തന്നെ ഒരു വിഭാഗം അദ്ദേഹത്തെ അനുകൂലിച്ചും മറ്റൊരു വിഭാഗം പ്രതികൂലിച്ചും രംഗത്തെത്തി. അശോകിന്റെ മരണം അത്മഹത്യയല്ല കൊലപാതകമാണെന്നും മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് പിടികൂടാന്‍ പോലീസ് സന്നദ്ധത കാണിക്കണമെന്നും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ ആവശ്യപ്പെട്ടു.

‘ഞാന്‍ സമ്മതിക്കുന്നു, ഭൂരിഭാഗം നിര്‍മാതാക്കളും പലിശയ്ക്ക് പണം വാങ്ങിയിട്ടാണ് സിനിമ എടുക്കുന്നത്. പക്ഷേ ഭീഷണിവേണ്ട. ഞങ്ങള്‍ ആ പണം തരാതെ ഒളിച്ചോടുകയില്ല. പാര്‍ത്ഥിപന്‍, ഗൗതം മേനോന്‍ പിന്നെ ഞാനും ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ട്.

കള്ളപ്പലിശക്കാരെ പിന്തുണയ്ക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രതിനിധി തമിഴ്‌നാട്ടില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ വെറുതെ വിടില്ല. നിര്‍മാതാക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് പ്രൊഡ്യൂസേഴ്‌സ് ആണ്. ദുര്‍ഘട സമയങ്ങളില്‍ ആരും ഞങ്ങളെ സമീപിക്കാന്‍ മടിയ്ക്കരുതെന്ന്’ വിശാല്‍ പറഞ്ഞു.

ഇതിനിടെ തെന്നിന്ത്യന്‍ താരങ്ങളായ ഷംന കാസിമും ദേവയാനിയും അന്‍പുചെഴിയാനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. ‘അദ്ദേഹം ഈ ലോകം വിട്ടു പോയി. നമുക്കിനി ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..ആ തന്തയില്ലാത്തവന് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക…അതിനായി നമുക്ക് കൈകള്‍ കോര്‍ക്കാം’ എന്നായിരുന്നു ഷംന ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ താന്‍ അറിയുന്ന അന്‍പുചെഴിയാന്‍ കലര്‍പ്പില്ലാത്ത വ്യക്തിയായിരുന്നുവെന്നാണ് ദേവയാനിയും ഭര്‍ത്താവ് രാജ്കുമാറും പറയുന്നത്. ദേവയാനി നായികയായ കാതലന്‍പുടന്‍ എന്ന സിനിമയ്ക്കായി അന്‍പുചെഴിയാന്റെ കൈയില്‍ നിന്നും രാജ്കുമാര്‍ പണം പലിശയ്‌ക്കെടുത്തിരുന്നു.

‘അന്‍പുചെഴിയാന്‍ വളരെ മാന്യനാണ്. ഒട്ടും കലര്‍പ്പില്ലാത്തവന്‍. ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പണം പലിശയ്‌ക്കെടുത്തിരുന്നു. എന്റെ ചിത്രം പുറത്തിറങ്ങിയശേഷം അത് കൃത്യമായി മടക്കി കൊടുക്കുകയും ചെയ്തു.

എന്റെ വ്യക്തിപരമായ അനുഭവം വച്ച് എനിക്കദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം മുത്താണ്. സംവിധായകന്‍ വിക്രമനുമായാണ് ഇദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ സാധിക്കുക. കാരണം ഇവര്‍ ഇരുവരും ദയാലുക്കളും മഹദ് വ്യക്തിത്വങ്ങളുമാണ്’രാജകുമാറും ദേവയാനിയും പറഞ്ഞു.