രാജ്യത്തിന്റെ ഐക്യത്തിനും വികസനത്തിനും തുരങ്കം വെക്കുന്ന ശക്തികളെ മുളയിലെ നുള്ളിക്കളയുമെന്ന് വെങ്കയ്യ നായിഡു

single-img
25 November 2017

ഇന്ത്യ ഭിന്നാഭിപ്രായങ്ങളെ അംഗീകരിക്കുന്ന രാജ്യമാണെന്നും എന്നാല്‍, ശിഥിലീകരണത്തെ യാതൊരു തരത്തിലും അനുവദിക്കില്ലെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും വികസനത്തിനും തുരങ്കം വെക്കുന്ന ശക്തികളെ മുളയിലെ നുള്ളിക്കളയുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ ക്രമത്തില്‍ സ്വീകാര്യമല്ല. രാജ്യത്തെ നിയമവാഴ്ചയെ വിലകുറച്ചു കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പത്മാവതി’ ചിത്രത്തിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു നായിഡുവിന്റെ പ്രസ്താവന.

അതേസമയം, ചില പുതിയ സിനിമകള്‍ ഒരുവിഭാഗം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി പരാതികളുണ്ടെന്നും ഇതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ഡല്‍ഹിയില്‍ ഒരു സാഹിത്യോല്‍സവത്തില്‍ പങ്കെടുത്തു സംസാരിക്കവെ ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിഷേധങ്ങള്‍ക്കിടെ അതിരുവിട്ടു പെരുമാറുന്ന ചിലരാണ് അനാവശ്യ ഭീഷണികള്‍ മുഴക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.