ലങ്കന്‍ ബൗളര്‍മാരെ വലച്ച് പൂജാര–വിജയ് കൂട്ടുകെട്ട്: അതിവേഗ അര്‍ധസെഞ്ചുറിയുമായി കോഹ്‌ലിയും: ഇന്ത്യയ്ക്ക് ലീഡ്

single-img
25 November 2017

നാഗ്പുര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഓപ്പണര്‍ മുരളി വിജയിന്റെ 10ാം ടെസ്റ്റ് സെഞ്ചുറിക്കു പിന്നാലെ 14ാം ടെസ്റ്റ് സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാരയും അതിവേഗ അര്‍ധസെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അവതരിച്ചതോടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 121 റണ്‍സോടെ പൂജാരയും 54 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്. മൂന്നാം വിക്കറ്റില്‍ പിരിയാതെ ഇരുവരും 96 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. നിലവില്‍ 107 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡുണ്ട് ആതിഥേയര്‍ക്ക്.

253 പന്തില്‍ 11 ബൗണ്ടറികളോടെയാണ് പൂജാര 14ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്തിയത്. ഇതുവരെ 284 പന്തുകള്‍ നേരിട്ട പൂജാര 13 ബൗണ്ടറികളോടെയാണ് 121 റണ്‍സെടുത്തത്. 221 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സറും പറത്തിയ വിജയ് 128 റണ്‍സെടുത്താണ് പുറത്തായത്. രംഗണ ഹെറാത്തിനാണ് വിക്കറ്റ്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് പത്താം സെഞ്ച്വറി തികച്ച മുരളി വിജയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പൂജാരയ്‌ക്കൊപ്പം 209 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് മുരളി മടങ്ങിയത്.

മുരളി വിജയും പൂജാരയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ തീര്‍ത്ത ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണ് രണ്ടാം ദിനത്തിലെ ഹൈലൈറ്റ്. ഇരുവരും ചേര്‍ന്ന് 209 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആറ് ഇന്നിങ്‌സുകളില്‍ പൂജാര–വിജയ് സഖ്യത്തിന്റെ അഞ്ചാം സെഞ്ചുറി കൂട്ടുകെട്ടാണിത്.

102, 178, 107, 116, 209 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ വിജയ്–പൂജാര സഖ്യത്തിന്റെ പ്രകടനം. ഇന്ത്യന്‍ മണ്ണില്‍ ഇരുവരും ചേര്‍ന്നുള്ള 22 കൂട്ടുകെട്ടുകളില്‍ ഒന്‍പതാം സെഞ്ചുറി കൂട്ടുകെട്ടാണിത്. അതേസമയം, വിദേശത്തെ 16 കൂട്ടുകെട്ടുകളില്‍ ഇരുവര്‍ക്കും ഒരു സെഞ്ചുറി കൂട്ടുകെട്ട് മാത്രമേയുള്ളൂ.

ശ്രീലങ്കയെ 79.1 ഓവര്‍ മാത്രം ബാറ്റു ചെയ്യിപ്പിച്ച് 205 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ ദിനം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അര്‍ധശതകം തികച്ച കരുണരത്‌നെയ്ക്കും ക്യാപ്റ്റന്‍ ചാണ്ഡിമലിനും ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ബൗളിങ്ങിനെ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.