പുതിയ സംരംഭങ്ങള്‍ തുടങ്ങാനെന്ന പേരില്‍ വ്യവസായികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി: ടെന്‍സി പൊലീസ് പിടിയിലായി

single-img
25 November 2017

അരൂര്‍: അരൂര്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ത്രീ പൊലീസ് പിടിയിലായി. അരൂര്‍ കളത്തിപ്പറമ്പില്‍ (ബദ്‌ലഹേം) ടെന്‍സി ആന്റണി ആണ് അറസ്റ്റിലായത്. പങ്കാളിത്ത സംരംഭങ്ങള്‍ വാഗ്ദാനം ചെയ്ത് അരൂരില്‍നിന്ന് മാത്രം 55 ലക്ഷമാണ് ഇവര്‍ കൈക്കലാക്കിയത്.

അരൂര്‍ കൊപ്പട്ടില്‍ ദേവസ്യാജോസഫിന്റെയും കൊച്ചി ഷിപ്പ്യാര്‍ഡ് ജീവനക്കാരനായ നാസറിന്റെയും പരാതിയെത്തുടര്‍ന്നാണ് ടെന്‍സിയെ അറസ്റ്റ് ചെയ്തത്. ദേവസ്യാജോസഫിന്റെ കൈയില്‍നിന്ന് 35ലക്ഷവും നാസറിന്റെ കൈയില്‍നിന്ന് 20ലക്ഷവും തട്ടിയെടുത്തെന്നാണ് പരാതി.

തട്ടിപ്പിന്റെ പരമ്പരയാണ് ടെന്‍സി ആന്റണി നടത്തിയത്. മകന്‍ ക്ലിന്റണ്‍ ആന്റണിയുടെ ക്വട്ടേഷന്‍ ടീമാണ് തട്ടിപ്പിന് കൂട്ടൊരുക്കുന്നത്. പുതിയ സംരംഭങ്ങള്‍ തുടങ്ങാനെന്ന വ്യാജേനയാണ് വ്യവസായികളെയും മറ്റും ടെന്‍സി സമീപിച്ചത്.

കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. തോപ്പുംപടി കോടതി പ്രതിക്കെതിരേ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇവര്‍ ഒളിച്ചുതാമസിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, തട്ടിപ്പ്, വഞ്ചന മുതലായ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തതെന്ന് അരൂര്‍ എസ്.ഐ.ടി.എസ്.റനീഷ് അറിയിച്ചു. അറസ്റ്റുചെയ്ത ടെന്‍സി ആന്റണിയെ കോടതിയില്‍ ഹാജരാക്കി വിട്ടയച്ചു.

അതേസമയം തട്ടിപ്പുകാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകനുനേരെ ടെന്‍സിയുടെ മകന്‍ ഭീഷണിമുഴക്കി. ദൃശ്യങ്ങളെടുത്താല്‍ കൊന്നുകളയുമെന്നായിരുന്നു പൊലീസുകാരുടെ മുന്നില്‍വച്ചുള്ള ഭീഷണി. അല്‍പനേരം കഴിഞ്ഞ് ഇയാള്‍ ഏര്‍പ്പാടുചെയ്ത ക്വട്ടേഷന്‍ സംഘം മാധ്യമപ്രവര്‍ത്തകന്റെ അരൂരിലെ വീട്ടിലെത്തിയും ഭീഷണി തുടര്‍ന്നു. ഇതോടെ പൊലീസില്‍ പരാതി നല്‍കി.

ആലപ്പുഴ എസ്.പി. എസ് സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം അരൂര്‍ എസ് ഐ റിനീഷും സംഘവും മണിക്കൂറുകള്‍ക്കുള്ളില്‍ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി. തേവര സ്വദേശി ജയിംസ്, തൈക്കൂടം സ്വദേശി ബിജു, സുജിത് ഫ്രാന്‍സിസ് എന്നിവരാണ് അറസ്റ്റിലായത്. ടെന്‍സിയുടെ മകന്‍ ക്ലിന്റണ്‍ ആന്റണിയും പിടിയിലായിട്ടുണ്ട്.