ഷാര്‍ജയില്‍ മലയാളിയടക്കം 11 കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍

single-img
25 November 2017

ഷാര്‍ജ: കടലില്‍ മാസങ്ങളായി കുടുങ്ങിയ മലയാളിയടക്കം 11 കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍. ശമ്പളം കിട്ടാതെയും പുറംലോകം കാണാതെയും നടുക്കടലില്‍ ദുരിതമനുഭവിക്കുന്ന ജീവനക്കാര്‍ നാട്ടിലെത്താനുള്ള സഹായം തേടുകയാണിപ്പോള്‍.
ചീഫ് എന്‍ജിനീയര്‍ തൊടുപുഴ സ്വദേശി ജിജോ ജോസഫ്, ക്യാപ്റ്റന്‍ ആന്ധ്രസ്വദേശി പ്രദീപ് റെഡ്ഡി എന്നിവര്‍ക്കു പുറമെ തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ളവരും രണ്ടു ശ്രീലങ്കന്‍ സ്വദേശികളുമാണു നടുക്കടലില്‍ കുടുങ്ങി കിടക്കുന്നത്.

പാക്കിസ്ഥാന്‍ സ്വദേശി സൈദ് ഇസാജ് ഹസ്സന്റെ ഉടമസ്ഥതയിലുള്ള അല്‍ക്കോ ഷിപ്പിങ് എല്‍എല്‍സിയുടെ എംവി അസാബ് എന്ന കപ്പലിലെ ജീവനക്കാരാണ് കഴിഞ്ഞ ആറുമാസമായി നടുക്കടലില്‍ ദുരിതമനുഭവിക്കുന്നത്. വിവിധ തുറമുഖങ്ങളില്‍ നങ്കൂരമിടുന്ന കപ്പലുകള്‍ക്ക് ഇന്ധനമെത്തിക്കുന്ന ചെറുകപ്പലാണിത്.

ആറുമാസം മുമ്പ് മാള്‍ട്ടയ്ക്കു സബ് കോണ്‍ട്രാക്ടിങ് ജോലിക്കു പോകാനുണ്ടെന്ന മാനേജ്‌മെന്റ് നിര്‍ദേശത്തെ തുടര്‍ന്നാണിവിടെയെത്തിയതെന്നും പിന്നീട് ഇതേവരെ ഒരു വിവരവും ലഭിച്ചില്ലെന്നും ജിജോ ജോസഫ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കഴിഞ്ഞ ജൂണ്‍ രണ്ടിനു ഷാര്‍ജ തീരദേശ സുരക്ഷാ സേനയിലെ ചില ഉദ്യോഗസ്ഥരെത്തി എല്ലാ ജീവനക്കാരുടെയും പാസ്‌പോര്‍ട്ടും മറ്റു രേഖകളും വാങ്ങിക്കൊണ്ടുപോയി. ഇവ തിരിച്ചുവേണമെങ്കില്‍ തീരദേശ സുരക്ഷാ സേനയുമായി കപ്പല്‍ മാനേജ്‌മെന്റ് ബന്ധപ്പെടണമെന്നായിരുന്നു നിര്‍ദേശം.

എന്നാല്‍, കമ്പനി ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ഉടന്‍ ലഭിക്കുമെന്നാണു മറുപടിയെങ്കിലും മാസങ്ങളായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും രേഖകളില്ലാതെ കരയിലേക്കു മടങ്ങാനാകില്ലെന്ന് ജിജോ പറയുന്നു. ജിജോയ്ക്ക് കഴിഞ്ഞ ഒന്‍പതുമാസമായിട്ടും ക്യാപ്റ്റന്‍ പ്രദീപ് റെഡ്ഡിക്ക് 19 മാസമായിട്ടും ശമ്പളം ലഭിച്ചിട്ടില്ല. 19 മാസമായി ശമ്പളം കിട്ടാത്ത വേറെയും ജീവനക്കാരുണ്ട്. വിവിധ തസ്തികകളനുസരിച്ചു 350 മുതല്‍ 2500 ഡോളര്‍ വരെ ശമ്പളമാണു ജീവനക്കാര്‍ക്കു ലഭിച്ചിരുന്നത്.

ശമ്പളം കിട്ടിയില്ലെങ്കിലും എങ്ങനെയെങ്കിലും നാട്ടിലേക്കു മടങ്ങണമെന്നാണു പലരുടെയും ആവശ്യം. കഷ്ടപ്പാടുകള്‍ വിശദീകരിച്ചു വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനു ട്വീറ്റ് ചെയ്‌തെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും ജിജോ പറഞ്ഞു. മന്ത്രിയുടെ ഓഫിസ് ജീവനക്കാരനുമായി ടെലിഫോണില്‍ സംസാരിച്ചപ്പോള്‍ യുഎഇയിലുള്ള എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇമെയില്‍ അയച്ചപ്പോള്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു മറുപടി ലഭിച്ചെങ്കിലും നടപടികള്‍ നീണ്ടുപോകുകയാണെന്നും ജിജോ വ്യക്തമാക്കി.

അതേസമയം ശുദ്ധജലക്ഷാമവും മരുന്നിന്റെ ദൗര്‍ലഭ്യവും വന്‍ വെല്ലുവിളിയാണ്. ഭക്ഷണത്തിനുള്ള സാധനങ്ങള്‍ ആഴ്ചതോറും എത്തിക്കുന്നുണ്ട്. ഉപ്പുവെള്ളം അകത്തേക്കു കയറി കപ്പലിനു കേടുപാട് സംഭവിച്ചതിനാല്‍ ഭയന്നാണ് ഇവര്‍ കഴിയുന്നത്. ദിവസവും വെള്ളം പമ്പ് ചെയ്തു കളയുകയാണ്. ഇതിനിടെ രോഗബാധിതനായ തമിഴ്‌നാട് സ്വദേശിക്ക് അത്യാവശ്യമായി നാട്ടില്‍ പോകണമെന്നു നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ കപ്പലധികൃതര്‍ പാസ്‌പോര്‍ട്ടും രേഖകളും എത്തിച്ചു. എന്നാല്‍ ശമ്പളം നല്‍കിയില്ല. രോഗബാധിതനായ പിതാവിനെ കാണാന്‍ നാട്ടില്‍ പോകണമെന്ന ജിജോയുടെ ആവശ്യം ഇതുവരെയും പരിഗണിച്ചിട്ടില്ല.

കടപ്പാട്: മനോരമ