സ്വദേശിവത്കരണത്തിനിടെയും സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്: സൗദിയിലേക്ക് ഇന്ത്യന്‍ തൊഴിലാളികളുടെ കുത്തൊഴുക്കെന്ന് കണക്കുകള്‍: കാരണം ഇതാണ്

single-img
25 November 2017

സ്വദേശിവത്കരണം ശക്തമായി തുടരുമ്പോഴും സൗദിയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ സൗദി അറേബ്യയില്‍ രണ്ട് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ പുതിയ വിസയില്‍ തൊഴില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും അധികൃതര്‍ പറഞ്ഞു. സൗദി ഔദ്യോഗികമായി കൈമാറിയ വിവരം അനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് നാല് വരെ രാജ്യത്തുള്ള മൊത്തം ഇന്ത്യക്കാരുടെ എണ്ണം 30,39,000 ആയിരുന്നു. സെപ്തംബര്‍ 12ന് അത് 32,53,901 ആയി വര്‍ധിച്ചു.

സൗദിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളി റിക്രൂട്ടുമെന്റില്‍ നാള്‍ക്കു നാള്‍ വര്‍ധനവുണ്ടാകുന്നു എന്നാണ് ഈ കണക്ക് കാണിക്കുന്നത്. അതായത് സൗദി വിപണിയിലും തൊഴില്‍ മാര്‍ക്കറ്റിനും ഇന്ത്യക്കാരെ ആവശ്യമുണ്ടെന്നര്‍ഥം. പൊതുമാപ്പ് കാലയളവില്‍ 75,932 ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നിട്ടും അവശേഷിക്കുന്ന എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് അത്ഭുതപ്പെടുത്തുന്നതാണ്.

സൗദി അറേബ്യയില്‍ 2013 മുതലാണ് സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് ആരംഭിച്ചത്. സ്വദശിവല്‍ക്കരണം കൂടുതല്‍ ശക്തമായി നടപ്പിലാക്കുന്നതിന് പരിഷ്‌കരിച്ച നിതാഖാത്തും സന്തുലിത നിതാഖാത്തും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയിരുന്നു.

തൊഴിലാളികള്‍ക്ക് ലെവിയും ഈ വര്‍ഷം മുതല്‍ ആശ്രിതര്‍ക്കുളള ലെവിയും പ്രാബല്യത്തില്‍ വന്നു. തൊഴിലവസരങ്ങള്‍ കുറവാണെന്ന് വിലയിരുത്തപ്പെടുമ്പോഴും ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ ധാരാളം തൊഴിലവസരം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫൈനല്‍ എക്‌സിറ്റില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നവരേക്കാള്‍ കൂടുതലാണ് പുതിയ വിസയില്‍ സൗദിയില്‍ തൊഴില്‍ തേടി എത്തുന്നവരുടെ എണ്ണം. അതുകൊണ്ടുതന്നെ സൗദിയിലെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്ന വിലയിരുത്തലുകള്‍ ശരിയല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

റിയാദ് മെട്രോ ഉള്‍പ്പെടെ സൗദിയിലെ വന്‍കിട പദ്ധതികളുടെ നിര്‍മാണ, നടത്തിപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യന്‍ മാനവവിഭവ ശേഷിയെയാണ്. വന്‍കിട ശമ്പളക്കാരെ വെട്ടി ശരാശരിക്കാരെ നിയമിക്കാനാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗദി എമിഗ്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായി എംബസി അറിയിച്ചത്.