അയോധ്യ വിഷയത്തില്‍ ശ്രീ ശ്രീ രവിശങ്കറെ തള്ളി ആര്‍.എസ്.എസ് തലവന്‍

single-img
25 November 2017

ന്യൂഡല്‍ഹി: അയോധ്യ വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനുള്ള ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നീക്കത്തെ തള്ളി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത്. രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രശ്‌ന പരിഹാരത്തിനുള്ള ചില ആശയങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചുവെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

ജനാധിപത്യ രാജ്യമായതിനാല്‍ ആര്‍ക്ക് വേണമെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം മാത്രമല്ലാതെ മറ്റൊരു രൂപവും ഉയരില്ലെന്ന് മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേ കല്ലുകള്‍ കൊണ്ട് അതേ സ്ഥലത്ത് ക്ഷേത്രം പണിയും, രാമ മന്ദിരത്തിന് മുകളില്‍ കാവിക്കൊടി ഉയരുന്ന നാള്‍ വിദൂരമല്ലന്നും കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ധര്‍മ്മ സംസധില്‍ സംസാരിക്കവെ ഭഗവത് പറഞ്ഞിരുന്നു.

ഞങ്ങള്‍ അത് നിര്‍മിക്കും, ഇത് ജനപിന്തുണയുള്ള ഒരു പ്രസ്താവനയല്ല. മറിച്ച് ഞങ്ങളുടെ വിശ്വാസം ഒരു വിഷയമാണ്. വിശ്വാസം മാറ്റാനാവില്ലെന്നും കേസ് കോടതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായുള്ള പരിശ്രമവും ത്യാഗവും കൊണ്ട് രാമക്ഷേത്രം നിര്‍മിക്കുക എന്നത് സാധ്യമാകുമെന്നാണ് കരുതുന്നന്നതെന്നും ആര്‍.എസ്.എസ് തലവന്‍ പറഞ്ഞു.

അതേസമയം, മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഭാഗവതിന്റേത് സുപ്രീംകോടതിക്കെതിരെയുള്ള വെല്ലുവിളിയാണ്. ആര്‍.എസ്.എസ് തലവനെതിരെ നടപടിയെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.