ദിവ്യ മുഖ്യമന്ത്രിക്ക് കത്തെഴുതി; ഊരൂട്ടമ്പലം സ്‌കൂളിന് സ്വന്തമായി ബസ് കിട്ടി

single-img
25 November 2017


ഊരൂട്ടമ്പലം: ഊരൂട്ടമ്പലം സര്‍ക്കാര്‍ എല്‍. പി എസിലെ നാലാം ക്ലാസുകാരി ദിവ്യ മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ കത്തിന് ഫലമുണ്ടായി. ഊരൂട്ടമ്പലം സര്‍ക്കാര്‍ സ്‌കൂളിന് സ്വന്തമായി ബസ് ലഭിച്ചു. സ്‌കൂളിന് സ്വന്തം ബസ് എത്തിച്ച ദിവ്യ സ്‌കൂളിന്റേയും നാടിന്റേയും പ്രിയങ്കരിയായി മാറിയിരിക്കുകയാണ്.

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ് സ്‌കൂളിന് സ്വന്തമായി ബസ് ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നതായി ദിവ്യ എഴുതിയത്.

ഊരൂട്ടമ്പലത്ത് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പ്ലാസ്റ്റിക് ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചിരുന്നു. അന്നദ്ദേഹം പറഞ്ഞതനുസരിച്ച് ദിവ്യയും കൂട്ടുകാരും മഷിപ്പേന ഉപയോഗിക്കാന്‍ തുടങ്ങിയ കാര്യവും ദിവ്യ മറുപടി കത്തില്‍ പറഞ്ഞിരുന്നു.

കൂടാതെ 400 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ സ്വന്തമായൊരു ബസില്ലാത്തതിന്റെ ബുദ്ധിമുട്ടും ദിവ്യ കത്തില്‍ സൂചിപ്പിച്ചു. കത്ത് വായിച്ച മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെ അനുമോദിച്ചതിനൊപ്പം ബസിന്റെ കാര്യം പരിഗണിക്കാമെന്നറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് മുഖ്യമന്ത്രി സ്‌കൂളിന് ബസ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എ. സമ്പത്ത് എം.പി.യോട് ആവശ്യപ്പെട്ടിരുന്നു. എം. പി ഫണ്ടില്‍ നിന്ന് തുക അനുവദിച്ചാണ് 16 സീറ്റുകളുള്ള ബസ് വാങ്ങിയത്. സ്‌കൂള്‍ ബസിന്റെ കന്നിയോട്ടത്തിന് കൊടിവീശാന്‍ എം.പി. ദിവ്യയെയും കൂട്ടി.

സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുട്ടികള്‍ വഹിച്ച പങ്ക് മാതൃകാപരമാണെന്ന് സമ്പത്ത് എം. പി പറഞ്ഞു. അവധി ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തുന്നതിനും നാടിനെ മനസിലാക്കുന്നതിനും പുതിയ ബസ് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഊരൂട്ടമ്പലം എല്‍. പിസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിവ്യക്കും കൂട്ടുകാർക്കും ഇനി സ്വന്തം സ്കൂൾ ബസിൽ യാത്ര…

Posted by Pinarayi Vijayan on Friday, November 24, 2017