ചില വിഭാഗക്കാര്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

single-img
25 November 2017

ചില വിഭാഗക്കാര്‍, ആളുകളെ റിക്രൂട്ട് ചെയ്ത് മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോയി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നതിന് നേതൃത്വം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകരമായ ഇത്തരം പ്രവര്‍ത്തനങ്ങളെ പൊലീസ് അടിച്ചമര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ ഇന്നു രാവിലെ നടന്ന പാസിംഗ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശനമായ നടപടികളും അന്വേഷണങ്ങളും വേണം.

സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനം ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ജനങ്ങളോട് നല്ലബന്ധം സ്ഥാപിക്കാന്‍ ഉതകുന്ന നിരവധി പുതിയ പരിഷ്‌കാരങ്ങള്‍ പോലീസ് സേനയില്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎപി നാലാം ബറ്റാലിയനിലെ 113 പോലീസുകാരും മലബാര്‍ സ്‌പെഷല്‍ പോലീസിലെ 183 പോലീസുകാരും ഉള്‍പ്പടെ 296 പേരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കെഎപി നാലാം ബറ്റാലിയനില്‍ നിന്നും പരിശീലനം കഴിഞ്ഞ പോലീസുകാരുടെ ഇരുപത്തിയാറാമത് ബാച്ചാണിത്.