10-ാം സെഞ്ചുറിയുമായി മുരളി വിജയ്; ഇന്ത്യ ശക്തമായ നിലയില്‍

single-img
25 November 2017

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ടെസ്റ്റ് കരിയറിലെ 10ാം സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ മുരളി വിജയിന്റെ മികവാണ് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായത്. 63 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

മുരളി വിജയ് 103 റണ്‍സോടെയും ചേതേശ്വര്‍ പൂജാര 63 റണ്‍സോടെയും ക്രീസിലുണ്ട്. 187 പന്തില്‍ ഒമ്പത് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് വിജയ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് തീര്‍ത്ത സെഞ്ചുറി കൂട്ടുകെട്ടാണ് (170*) മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ പ്രകടനത്തിലെ ഹൈലൈറ്റ്.

കഴിഞ്ഞ ആറ് ഇന്നിങ്‌സില്‍ ഇരുവരുടെയും അഞ്ചാം സെഞ്ചുറി കൂട്ടുകെട്ടാണിത്. 102, 178, 107, 116, 209 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ വിജയ്–പൂജാര സഖ്യത്തിന്റെ പ്രകടനം. ഇന്ത്യന്‍ മണ്ണില്‍ ഇരുവരും ചേര്‍ന്നുള്ള 22 കൂട്ടുകെട്ടുകളില്‍ ഒന്‍പതാം സെഞ്ചുറി കൂട്ടുകെട്ടാണിത്. അതേസമയം, വിദേശത്തെ 16 കൂട്ടുകെട്ടുകളില്‍ ഇരുവര്‍ക്കും ഒരു സെഞ്ചുറി കൂട്ടുകെട്ട് മാത്രമേയുള്ളൂ.