കുറിഞ്ഞി ഉദ്യാനം: വിജ്ഞാപനത്തില്‍ പിഴവുണ്ടെന്ന് എംഎം മണി; കേന്ദ്രം ഇടപെടുമെന്ന് ഉറപ്പുകിട്ടിയതായി കുമ്മനം

single-img
25 November 2017

ഇടുക്കി ജില്ലയിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയെ കുറിച്ച് റവന്യുമന്ത്രി പറഞ്ഞത് ശരിയെന്ന് മന്ത്രി എംഎം മണി. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ കുറിഞ്ഞി ഉദ്യാനത്തിന്റെ അളവിനെ കുറിച്ച് വ്യക്തത വരൂ. നേരത്തേ ഇറക്കിയ വിജ്ഞാപനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും മണി കോഴിക്കോട് പറഞ്ഞു.

അതേസമയം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ വര്‍ധനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി കുമ്മനത്തിന് ഉറപ്പു നല്‍കി. വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. കുറിഞ്ഞി വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കുമ്മനം പറഞ്ഞു.

1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ദേശീയ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. 2006 ല്‍ തന്നെ കുറിഞ്ഞി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടതാണ്. അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ സാധിക്കുകയുള്ളൂ.

ഭൂമി തര്‍ക്കം പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട സെറ്റില്‍മെന്റ് ഓഫീസറുടെ അധികാരം അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. സെറ്റില്‍മെന്റ് ഓഫീസറുടെ ഉത്തരവ് അന്തിമമാണെന്നിരിക്കെ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണ്.

പിണറായി വിജയന്റെ ഇഷ്ടക്കാര്‍ക്കു ഭൂമി പതിച്ചു നല്‍കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കുറിഞ്ഞി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.