ജയിലിനകത്ത് കിടന്ന് സ്വര്‍ണ കവര്‍ച്ച ആസൂത്രണം ചെയ്ത സംഭവം: സുനിയും സംഘവും ഫോണുകള്‍ പച്ചക്കറിത്തോട്ടത്തിനുള്ളില്‍ ഒളിപ്പിച്ചു

single-img
25 November 2017

[

തൃശൂര്‍: ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയും സംഘവും ജയിലിനകത്ത് കിടന്ന് പുറത്തെ സ്വര്‍ണ കവര്‍ച്ച ആസൂത്രണം ചെയ്ത സംഭവത്തിലെ തെളിവുകള്‍ ജയിലില്‍ കുഴിച്ചു മൂടിയെന്ന് റിപ്പോര്‍ട്ട്.

മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും പ്ലാസ്റ്റിക് കൂടിലാക്കി പച്ചക്കറിത്തോട്ടത്തിനുള്ളില്‍ ഒളിപ്പിച്ചെന്നാണ് ജയില്‍ അധികൃതര്‍ക്കു ലഭിച്ച വിവരം. അപ്രതീക്ഷിതമായി റെയ്ഡുണ്ടായാല്‍ രക്ഷപ്പെടാനുള്ള മുന്‍കരുതലെന്ന നിലയിലാണ് സംഘത്തിന്റെ നീക്കം.

ജയിലില്‍ വിഐപി പരിഗണനയിലാണ് കൊടിസുനി കഴിയുന്നതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനു കൊടി സുനി പിടിയിലായിരുന്നു.

കോഴിക്കോട് നല്ലളത്തു കാര്‍ യാത്രക്കാരനെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസിന്റെ ആസൂത്രണം സുനി ജയിലിനുള്ളിലിരുന്നു നടത്തിയെന്നാണു പൊലീസന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തിനു ഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതു സുനിയാണെന്ന് കണ്ടെത്തിയതോടെയാണ് ഫോണ്‍ പിടികൂടാന്‍ ജയിലിനുള്ളില്‍ ഏതു നിമിഷവും പൊലീസ് റെയ്ഡ് ഉണ്ടായേക്കുമെന്നു സുനിക്ക് മുന്നറിയിപ്പ് കിട്ടിയത്.

ഇതോടെ ഫോണ്‍ സ്വിച്ചോഫ് ചെയ്തു ജയില്‍ വളപ്പിനുള്ളിലെ തോട്ടത്തില്‍ പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ് ഒളിപ്പിച്ചെന്നാണു ജയിലിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. 10 മാസം മുന്‍പു സുനിയുടെ സെല്ലില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയില്‍ മൂന്നു സ്മാര്‍ട് ഫോണുകളും പവര്‍ബാങ്കുകളും ഡാറ്റ കേബിളുകളും സിം കാര്‍ഡുകളും പിടികൂടിയിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സുനിക്ക് കൂടുതല്‍ സൗകര്യങ്ങളെത്തിയെന്ന ആക്ഷേപവും തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.

അതേസമയം മൂന്നു മാസത്തിനു ശേഷം സബ് കലക്ടറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം വീണ്ടും റെയ്ഡിനു പോയെങ്കിലും ഇവര്‍ക്കു ജയിലിനുള്ളില്‍ പ്രവേശിക്കാനുള്ള അനുമതി ഒരു മണിക്കൂറോളം വൈകിച്ചതും വലിയ വിവാദമായിരുന്നു.

ഇതിലൂടെ ഫോണ്‍ ഒളിപ്പിക്കാന്‍ സുനിയ്ക്ക് സാവകാശം ലഭിച്ചെന്നായിരുന്നു ആരോപണം. ഇപ്പോള്‍ വലിയൊരു കുറ്റകൃത്യം ജയിലിനകത്ത് വച്ച് ആസൂത്രണം ചെയ്തുവെന്ന് കൂടി വ്യക്തമായതോടെ ഏതുനിമിഷവും പൊലീസ് ജയിലില്‍ എത്തുമെന്ന വിവരം സുനിക്ക് വേണ്ടപ്പെട്ടവര്‍ കൈമാറുകയായിരുന്നു. ഇതോടെയാണ് ഫോണ്‍ ഒളിപ്പിക്കല്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ജയില്‍ മെനുവില്‍ ഉള്‍പ്പെടാത്ത വിഭവമായ ബീഫ് കൊടി സുനിയുടെ സെല്ലില്‍ പതിവായി എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പോത്തിറച്ചി മസാല ചേര്‍ത്ത് അരിഞ്ഞുണക്കിയ നിലയിലാണു സുനിയുടെ സെല്ലിലേക്കു മാത്രമായി എത്തുന്നത്. എട്ടു മാസം മുന്‍പു ജയിലിനുള്ളില്‍ നടന്ന റെയ്ഡില്‍ സുനിയുടെ സെല്ലില്‍നിന്നു ബീഫ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, സംഭവം വിവാദമാകുമെന്നു കണ്ട് അധികൃതര്‍ വിവരം പുറത്തുവിട്ടില്ല.