കെ.ഇ ഇസ്മയിലിന്റെ ഏറ്റുപറച്ചില്‍ അംഗീകരിച്ചു: കൂടുതല്‍ നടപടിയില്ല; വിവാദം അടഞ്ഞ അധ്യായമെന്ന് സിപിഐ എക്‌സിക്യൂട്ടീവ്

single-img
25 November 2017

തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി മാധ്യമങ്ങളോട് പ്രതികരിച്ച സി പി ഐ നേതാവ് കെ ഇ ഇസ്മായിലിനെതിരെ തത്കാലം നടപടിയില്ല. ഇന്നു ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവിന്റെതാണ് തീരുമാനം.

വിവാദം അടഞ്ഞ അധ്യായമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഡല്‍ഹിയില്‍ പറഞ്ഞു. തെറ്റ് ആവര്‍ത്തിക്കരുതെന്നും കരുതല്‍ വേണമെന്നും എക്‌സിക്യൂട്ടിവ് കെ.ഇ.ഇസ്മയിലിനു നിര്‍ദേശം നല്‍കി.

വിഷയം സംസ്ഥാനത്തു തന്നെ പരിഹരിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ അടുത്ത ദേശീയ സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ എട്ടിനാണ് അടുത്ത ദേശീയ സെക്രട്ടേറിയേറ്റ്.

അതേസമയം തെറ്റുപറ്റിയെന്ന് കെ.ഇ. ഇസ്മായില്‍ കമ്മിറ്റിയില്‍ പറഞ്ഞു. പരാമര്‍ശം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് സംസ്ഥാനഘടകം കേന്ദ്രകമ്മിറ്റിയിലും നിലപാടറിയിച്ചു. ക്ഷമാപണം നടത്തിയത് പരിഗണിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി നടപടി താക്കീതിലൊതുക്കുകയായിരുന്നു.

അതേസമയം തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു പാര്‍ട്ടിക്കു ലഭിച്ച പ്രതിഛായയ്ക്കു ഇസ്മയിലിന്റെ നിലപാട് ദോഷം ചെയ്‌തെന്നും ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തിയിട്ടുണ്ട്. ഇതുകൂടാതെ കേരളത്തിലെ സിപിഐ – സിപിഎം തര്‍ക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിശാല സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളില്‍ തുടര്‍ച്ചര്‍ച്ചകളും നടന്നു.

നേരത്തെ ഇടതുമുന്നണി യോഗത്തില്‍ ഇസ്മായില്‍ പങ്കെടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന ഘടകം തീരുമാനിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന നിര്‍വ്വാഹക സമിതിയാണ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തത്. തോമസ് ചാണ്ടി വിഷയത്തില്‍ ഇസാമായിലിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് നിര്‍വ്വാഹക സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച നടപടിയെയാണ് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കെ.ഇ ഇസ്മായില്‍ വിമര്‍ശിച്ചത്. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡിന് താന്‍ എംപിയായിരുന്നപ്പോള്‍ ഫണ്ട് അനുവദിച്ചത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.