വിവാദങ്ങള്‍ക്ക് നടുവില്‍ ദിലീപ് കാവ്യ ഒന്നാം വിവാഹ വാര്‍ഷികം

single-img
25 November 2017


ആകാംക്ഷകള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ദിലീപ് കാവ്യയുടെ കഴുത്തില്‍ താലികെട്ടിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. നടി മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്തകള്‍ നിരവധി തവണ പ്രചരിച്ചിരുന്നെങ്കിലും അതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

കാവ്യയുടെ വിവാഹമോചനത്തിനു പിന്നാലെ ദിലീപിന്റെ വിവാഹമോചന ഹര്‍ജിയും കോടതിയിലെത്തിയതോടെയാണ് ഗോസിപ്പുകള്‍ക്ക് ആക്കംകൂടിയത്. ഇരുവരും വിവാഹിതരായതായി പലതവണ വാര്‍ത്തകള്‍ പ്രചരിച്ചു. ഒടുവില്‍ മലയാള സിനിമയില്‍ ഇരുവരും ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് യഥാര്‍ഥ വിവാഹ വാര്‍ത്തയെത്തിയത്.

21 സിനിമകളിലാണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ചത്. അതില്‍ ദോസ്ത്, ഡാര്‍ലിങ് ഡാര്‍ലിങ്, ചൈനാ ടൗണ്‍, പെരുമഴക്കാലം, ട്വന്റി ട്വന്റി എന്നിവയൊഴികെയുള്ള ചിത്രങ്ങളില്‍ ജോഡികളായിരുന്നു. അതില്‍ മിക്കതും വന്‍ ഹിറ്റുകളുമായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും കരിയര്‍ ഗ്രാഫിലും ചില സമാനതകളുണ്ട്.

കമല്‍ സംവിധാനം ചെയ്ത ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവ്യയുടെ സിനിമാപ്രവേശനം. 1991 ല്‍ ഇറങ്ങിയ ഇതേ ചിത്രത്തിലൂടെത്തന്നെ സഹസംവിധായകനായായിരുന്നു ദിലീപും സിനിമാരംഗത്ത് എത്തിയത്. ശേഷം ദിലീപ് അഭിനയരംഗത്തേക്കു കൂടുമാറി.

1999 ല്‍ കാവ്യ ആദ്യമായി നായികാവേഷത്തിലെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ജോസ് ചിത്രത്തില്‍ ദിലീപായിരുന്നു നായകന്‍. തുടര്‍ന്ന് തെങ്കാശിപ്പട്ടണം, ഡാര്‍ലിങ് ഡാര്‍ലിങ്, റണ്‍വേ, മീശമാധവന്‍, മിഴി രണ്ടിലും, തിളക്കം, കൊച്ചിരാജാവ് തുടങ്ങി ജനശ്രദ്ധ നേടിയ മിക്ക ദിലീപ് ചിത്രത്തിലും നായികാ വേഷത്തില്‍ കാവ്യയുമുണ്ടായിരുന്നു.

പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായപ്പോള്‍ എല്ലാം നിഷേധിച്ച് ദിലീപും കാവ്യയും രംഗത്ത് വരികയാണ് ചെയ്തത്. എന്നാല്‍ ഒരേസമയം സിനിമ പ്രവര്‍ത്തകരെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്നും കാവ്യയാണ് തന്റെ വധുവെന്നും ദിലീപ് ഫെയ്ബുക്ക് ലൈവില്‍ വ്യക്തമാക്കുകയായിരുന്നു.
അതേസമയം വിവാഹത്തിലൂടെ ഗോസിപ്പുകള്‍ക്ക് അവസാനമുണ്ടായെങ്കിലും ഇരുവരെയും കാത്തിരുന്നത് കേസിന്റെയും കോടതിയുടെയും നാളുകളായിരുന്നു. ഫെബ്രുവരിയില്‍ നടിയെ ആക്രമിച്ച കേസും തുടര്‍ന്ന് ദിലീപ് ജയിലിലായതുമെല്ലാം വിവാഹത്തിന്റെ ആദ്യവര്‍ഷത്തിന്റെ ശോഭകെടുത്തി.

വിവാഹ ശേഷമുള്ള ഒരു ആഘോഷത്തിനും ദിലീപ് കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നില്ല. ആദ്യ ഓണത്തിന് ദിലീപ് ജയിലിലായിരുന്നു. വിവാഹ ശേഷമുള്ള കാവ്യയുടെ പിറന്നാളിനും ദിലീപ് ജയിലില്‍ തന്നെയായിരുന്നു. ജയിലില്‍ നിന്നും ആശംസ അറിയിക്കുന്നതിനായി ദിലീപ് വിളിച്ചപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.