സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക് തിരിക്കും

single-img
25 November 2017

സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിക്ക് തിരിക്കും. നെടുമ്പാശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഡല്‍ഹിക്ക് പോവുകയെന്നാണ് വിവരം. എന്നാല്‍ കനത്ത സുരക്ഷ ആവശ്യമുള്ളതിനാല്‍ സമയം പൊലീസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ഹാദിയയെ വിമാനത്തില്‍ ദില്ലിയിലെത്തിക്കുമെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് അറിയിച്ചിരുന്നു. അച്ഛന്‍, അമ്മ എന്നിവരും ഹാദിയക്കൊപ്പമുണ്ടാകും. മറ്റന്നാള്‍ ദില്ലിയില്‍ അഭിഭാഷകരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കള്‍ക്കൊപ്പം പോയതിന് ശേഷം ആദ്യമായാണ് ഹാദിയ പുറത്ത് വരുന്നത്.

ഹാദിയയെ തിങ്കളാഴ്ച ഹാജരാക്കണമെന്നാണ് അച്ഛന്‍ അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഉച്ചക്ക് ശേഷം 3 മണിക്കാണ് ഹാദിയ കോടതിയില്‍ നേരിട്ട് ഹാജരാകുക. എന്‍.ഐ.എയുടെ റിപ്പോര്‍ട്ടും തിങ്കളാഴ്ച കോടതി പരിഗണിക്കും. വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഹാദിയയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

ഇതിനിടെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍വെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഗൗരവമായ അന്വേഷണം ആവശ്യമാണെന്നാണ് എന്‍.ഐ.എയുടെ അഭിപ്രായം.