ഹാദിയ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചു പറഞ്ഞു: ‘എനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണം; തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ല’

single-img
25 November 2017

കൊച്ചി: താന്‍ ഇസ്ലാം മതവിശ്വാസിയാണെന്നും തനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകാനാണ് ആഗ്രഹമെന്നും ഹാദിയ. സുപ്രീംകോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹാദിയ പ്രതികരിച്ചു. സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ തന്റെ നിലപാട് മാധ്യമങ്ങളോട് പറഞ്ഞത്.

ഇസ്‌ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണ്. തനിക്ക് ഭര്‍ത്താവ് ഷഹീന്‍ ജഹാനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നും ഹാദിയ വിളിച്ച് പറഞ്ഞു. ഉച്ചക്ക് മൂന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പൊലീസിന്റെ വന്‍ സുരക്ഷാ സന്നാഹങ്ങളെ മറികടന്നായിരുന്നു ഹാദിയയുടെ പ്രതികരണം.

വിമാനത്താവളത്തിലെത്തുന്ന ഹാദിയ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാന്‍ പൊലീസ് വലിയ നീക്കങ്ങളാണ് നടത്തിയിരുന്നത്. പൊലീസ് വാഹനത്തില്‍ നിന്ന് ഇറങ്ങവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഹാദിയ നിലപാട് അറിയിച്ചത്.

തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും ഹാദിയ വ്യക്തമാക്കി. വൈക്കം ടി.വി പുരത്തെ വീട്ടില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് സുപ്രീംകോടതിയില്‍ ഹാജരാകാനായി ഹാദിയ യാത്ര തിരിച്ചത്. പിതാവ് അശോകന്‍, മാതാവ്, അഞ്ചംഗ പൊലീസ് സംഘവും ഹാദിയയെ അനുഗമിക്കുന്നുണ്ട്.

വൈക്കത്തെ വസതിയില്‍ നിന്ന് വന്‍ പൊലീസ് അകമ്പടിയോടെ റോഡ് മാര്‍ഗമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. കടുത്തുരുത്തി സി.ഐ ജോണ്‍സന്റെ മേല്‍നോട്ടത്തില്‍ അഞ്ചംഗ പൊലീസ് സംഘമാണ് യാത്രയില്‍ അനുഗമിക്കുന്നത്.

കൊച്ചിയില്‍ നിന്ന് വൈകീട്ട് ആറു മണിക്കുള്ള ടാറ്റയുടെ വിസ്താര എയര്‍ലൈന്‍സിലാണ് ഡല്‍ഹി യാത്ര. ഡല്‍ഹിയിലെ താമസസൗകര്യവും സുരക്ഷയും അടക്കമുള്ള കാര്യങ്ങള്‍ക്കായി അഞ്ചംഗ പൊലീസ് സംഘം നേരത്തെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

ഡല്‍ഹി കേരളാ ഹൗസിലായിരിക്കും സംഘം താമസിക്കുക എന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് ഹാദിയയെ നേരിട്ട് ഹാജരാകണമെന്നാണ് പിതാവിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. നേരത്തെ ട്രെയിനിലാണ് യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഇതു റദ്ദാക്കുകയായിരുന്നു.

വീഡിയോ കടപ്പാട്: മീഡിയ വണ്‍