എളിമയുടെ പ്രതീകം; അതാണ് ദ്രാവിഡ്: താര ജാഡയില്ലാത്ത ദ്രാവിഡിനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

single-img
25 November 2017

ഒരു ക്രിക്കറ്റ് താരമെന്ന ജാഡ ഒരിക്കല്‍ പോലും കാണിച്ചിട്ടില്ലാത്ത മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് എളിമയുടെയും മാന്യതയുടെയും ഉദാഹരണമാണ്. മാന്യന്‍മാരുടെ കളിയിലെ ഏറ്റവും മാന്യനായ കളിക്കാരന്‍. ഒരു താരത്തിന് ഇത്രയും എളിമയോടെ പെരുമാറാന്‍ കഴിയുമോയെന്ന് ചോദിച്ചുപോകും ദ്രാവിഡിനെ കണ്ടാല്‍.

അതുകൊണ്ട് തന്നെ രാഹുലിന്റെ പേരില്‍ ആരാധകരുടെ തമ്മിലടിയുമില്ല. ക്രീസിനോട് വിടപറഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഒരു മാറ്റവും ദ്രാവിഡിനില്ല. ഒരു മനുഷ്യന് വേണ്ട ഏറ്റവും വലിയ ഗുണം എളിമയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇന്ത്യയുടെ സ്വന്തം വന്‍മതില്‍.

അതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. കുട്ടികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുന്നതാണ് ആ ചിത്രത്തിലുള്ളത്. മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ ശാസ്ത്രമേള കാണാനെത്തിയതായിരുന്നു ദ്രാവിഡ്. ഈ ചിത്രം എന്നെടുത്തതെന്ന് വ്യക്തമല്ല. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

നേരത്തെയും ദ്രാവിഡ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്തായിരുന്നു ദ്രാവിഡ് സാധാരണ മനുഷ്യനായത്. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യന്‍ ടീം 372 റണ്‍സിന് കാനഡയെ തോല്‍പ്പിച്ചപ്പോള്‍ കനേഡിയന്‍ താരങ്ങളെ ആശ്വസിപ്പിച്ചും ദ്രാവിഡ് ശ്രദ്ധിക്കപ്പെട്ടിരുന്നു.