മുതലാളിയെ ന്യായീകരിക്കാന്‍ ഏഷ്യാനെറ്റിന്റെ ശ്രമം; പൊളിച്ചടുക്കി പി.എം മനോജ്: ‘വിനുവിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും’

single-img
24 November 2017

ബി.ജെ.പി എം.പിയും എന്‍.ഡി.എയുടെ കേരളത്തിലെ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെ കുമരകത്തെ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തല്ലിത്തകര്‍ത്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഉടമകൂടിയായ ചന്ദ്രശേഖര്‍ വേമ്പനാട്ട് കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന് ആരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

ഈ വിഷയമായിരുന്നു ഇന്നലെ എഷ്യാനെറ്റിലെ ‘ന്യൂസ് അവര്‍’ ചര്‍ച്ച ചെയ്തത്. ‘രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു’, നിരാമയ പുറമ്പോക്ക് കയ്യേറിയെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്, ‘ഒഴിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ ഇറങ്ങണോ?’, ‘കയ്യേറ്റം മുഖ്യമന്ത്രി അറിയിച്ചിട്ടും കയ്യേറ്റത്തിന് സര്‍ക്കാര്‍ സംരക്ഷണം ഉണ്ടോ’ എന്നായിരുന്നു ഏഷ്യാനെറ്റിന്റെ ചര്‍ച്ച.

ചര്‍ച്ച ആരംഭിക്കുമ്പോള്‍ എല്‍.ഡി.എഫ് നേതാക്കളെയും ദേശാഭിമാനി പ്രതിനിധി പി.എം മനോജിനെയും ചര്‍ച്ചയിലേക്ക് വിളിച്ചിരുന്നെങ്കിലും ആരും തയ്യാറായില്ലെന്നും വിനു പറഞ്ഞിരുന്നു. കേരളം ഭരിക്കുന്നത് കയ്യേറ്റം ഒഴിപ്പിക്കാനാവാത്ത സര്‍ക്കാരാണോയെന്നും ഇടുക്കിയില്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിച്ച് കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ മന്ത്രിമാര്‍ തന്നെ ഇറങ്ങുന്നത് കുമരകത്ത് കാണുന്നതിന്റെ തുടര്‍ച്ചായാണോയെന്നും ചര്‍ച്ചയില്‍ വിനു ചോദിച്ചിരുന്നു.

എന്നാല്‍ ചര്‍ച്ച അവസാനിച്ചതിനു പിന്നാലെ പങ്കെടുക്കാത്തതിന്റെ കാരണങ്ങളും വിനുവിന്റെ നിലപാടിനെ വിമര്‍ശിച്ചും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കുമെന്നായിരുന്നു പി.എം മനോജിന്റെ പരിഹാസം.

പി.എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അലങ്കാരമൊന്നുമില്ലാതെ പറയട്ടെ, ഏഷ്യാനെറ്റ് ആങ്കര്‍ വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും. ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ് എന്നത് വെറുമൊരു പ്രയോഗമല്ല; മാധ്യമ യാഥാര്‍ത്ഥ്യമാണ്. ഇന്ന് ന്യൂസ് 18, മനോരമ, ഏഷ്യാനെറ്റ് എന്നിവിടങ്ങളില്‍ നിന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

വ്യക്തിപരമായ കാരണങ്ങളാല്‍ പോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിളിച്ചത് ഏഷ്യാനെറ്റില്‍ നിന്നാണ്. ഒരു കയ്യേറ്റക്കാരനു വേണ്ടിയുള്ള ചര്‍ച്ചയ്ക്കില്ല എന്നാണ് മറുപടി നല്‍കിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെടുന്നു. കോട്ടിട്ട ജഡ്ജി വിധി എഴുതി വെച്ച് വിചാരണാഭാസത്തിന് കാത്തിരിക്കുയയായിരുന്നു.

ഇന്നലെ വരെ തോമസ് ചാണ്ടിയെ വെല്ലുവിളിച്ചു. ഇന്ന് കയ്യേറ്റം സ്വന്തം ഉടമയുടേതാണെന്ന് വന്നപ്പോള്‍ കുറച്ച് സ്ഥലമല്ലേ ഉള്ളൂ എന്ന് സ്ഥാപിക്കാന്‍ ശ്രമം. സ്റ്റുഡിയോയിലെത്തി കോട്ടില്‍ കയറിയാല്‍ ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാടാകുമെങ്കിലും സ്വന്തം മുതലാളിയുടെ കയ്യേറ്റത്തെ അബദ്ധത്തില്‍ പോലും തള്ളിപ്പറയാതിരിക്കാന്‍ ഈ ഫേക്ക് ജഡ്ജിക്ക് കഴിയുന്നുണ്ട് എന്നതിലാണാശ്വാസം.(Ref നിരാമയ ചര്‍ച്ച )