ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി തോമസ് ചാണ്ടി

single-img
24 November 2017

കൊച്ചി: കായല്‍ കയ്യേറ്റക്കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രനെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് തോമസ് ചാണ്ടി പരാതി നല്‍കിയിട്ടുള്ളത്. ജഡ്ജിയുടെ കടുത്ത പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി.

തന്റെ രാജി ഉദ്ദേശിച്ചാണ് ജഡ്ജിയുടെ പരാമര്‍ശം എന്ന് തോന്നുമെന്ന് തോമസ് ചാണ്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സീനിയര്‍ ജഡ്ജി പി.എന്‍.രവീന്ദ്രനെ മറികടന്നായിരുന്നു പരാമര്‍ശം. മുമ്പ് മാത്തൂര്‍ ദേവസ്വത്തിന്റെ അഭിഭാഷകനായിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തനിക്കെതിരെയുള്ള കേസില്‍ ഹാജരായിട്ടുണ്ടെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ജഡ്ജിയുടെ വാക്കും പ്രവൃത്തിയും പക്ഷപാതപരമാണെന്നും താനുമായി ബന്ധമുള്ള കേസുകളില്‍ ഇതേ ജഡ്ജിയെ ഒഴിവാക്കണമെന്നും തോമസ് ചാണ്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കയ്യേറ്റ വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ളവരുടെ കടുത്ത പരാമര്‍ശങ്ങളാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

കളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും പി.എന്‍ രവീന്ദ്രനും ഉള്‍പ്പെട്ട ബഞ്ചാണ് തള്ളിയത്. തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച ഹൈക്കോടതി ഹര്‍ജി ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയിരുന്നു.