ഹൈക്കോടതി പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

single-img
24 November 2017

കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ ഹൈക്കോടതി പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി എംഎല്‍എ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, ഒപ്പം തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നുമാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്.

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന വിധി തെറ്റാണ്. സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന ഒരു കാബിനറ്റ് തീരുമാനത്തെ ചോദ്യം ചെയ്താല്‍ മാത്രമാണ് അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമോ അല്ലെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യലോ ആവുക.

ഇത് അത്തരത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവല്ല. കളക്ടറുടെ റിപ്പോര്‍ട്ടാണ്. റവന്യൂ വകുപ്പിന്റെ ഒരു നടപടി മാത്രമാണ്. ഒരു വകുപ്പിന്റെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, മുകുള്‍ റോഹ്ത്തഗി എന്നിവരില്‍ ഒരാളെ ഹാജരാക്കാനാണ് തോമസ് ചാണ്ടി ഉദ്ദേശിക്കുന്നത്.

കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശമുയര്‍ന്നതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്ക് രാജി വയ്‌ക്കേണ്ടി വന്നത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നുമാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

മാര്‍ത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.