ബി.ജെ.പിയേയും മോദിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി: രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം

single-img
24 November 2017

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് തുടക്കം. സൗരാഷ്ട്രയിലെ തീരദേശ മേഖലയായ പോര്‍ബന്തര്‍ കടപ്പുറത്തു തിങ്ങിക്കൂടിയ ആയിരങ്ങളെ രാഹുല്‍ അഭിസംബോധന ചെയ്തു. ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം.

കേന്ദ്രത്തിലും ഗുജറാത്തിലും ബിജെപിയുടെ ഭരണത്തിനുകീഴില്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് പ്രയോജനമുണ്ടാകുന്നത്. കൃഷിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സബ്‌സിഡി ഇനത്തില്‍ നല്‍േകണ്ട കോടികള്‍ ടാറ്റ ഉള്‍പ്പെടെ വന്‍കിട കുത്തകകള്‍ക്കു വീതിച്ചു നല്‍കുകയാണ് ബിജെപി സര്‍ക്കാരുകള്‍.

കുത്തകകള്‍ക്കു നല്‍കിയ പണമുണ്ടായിരുന്നെങ്കില്‍ അഞ്ചു ലക്ഷം പേര്‍ക്കു സബ്‌സിഡി നല്‍കാമായിരുന്നു. ടാറ്റയ്ക്കു നാനോ കാര്‍ ഫാക്ടറി തുടങ്ങാന്‍ കോടികള്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയെന്ന് രാഹുല്‍ ആരോപിച്ചു. മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി ‘മന്‍ കി ബാത്തിനെയും’ രാഹുല്‍ കടന്നക്രമിച്ചു.

കോണ്‍ഗ്രസിന്റെയും തന്റേയും ‘മന്‍ കി ബാത്ത്’ പറയാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ ‘മന്‍ കി ബാത്ത്’ അറിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വന്‍ വ്യവസായി സഹായം തേടി മോദിയെ സമീപിച്ചാല്‍ അദ്ദേഹം അയാള്‍ക്ക് 33,000 കോടി നല്‍കും. ഒരു മത്സ്യത്തൊഴിലാളിയാണ് സമീപിക്കുന്നതെങ്കില്‍ 300 കോടി പോലും നല്‍കില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍, ഫിഷറീസിനു വേണ്ടി പ്രത്യേക മന്ത്രാലയം തുടങ്ങുമെന്നു നിറഞ്ഞ കയ്യടികള്‍ക്കിടെ രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കു ഉറപ്പു നല്‍കി. ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ അര്‍ജുന്‍ മോന്ത്‌വാലിയ മത്സരിക്കുന്ന മണ്ഡലമാണ് പോര്‍ബന്തര്‍. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ കടപ്പുറത്ത് തടിച്ചുകൂടിയത്.