ഖത്തറില്‍ പ്രവാസികള്‍ക്കായി പുതിയ നിയമങ്ങള്‍ വരുന്നു

single-img
24 November 2017

ഖത്തറില്‍ പ്രവാസികള്‍ക്കായി പുതിയ നിയമങ്ങള്‍ വരുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രവാസികള്‍ക്ക് ഖത്തറില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അനുവാദം നല്‍കുന്ന നിയമവും സ്ഥിരതാമസാനുമതി നിയമവും അടുത്തമാസം ശൂറാ കൗണ്‍സില്‍ പരിഗണിക്കും.

സ്ഥിരതാമസാനുമതി നിയമം എന്ന ആവശ്യം ദീര്‍ഘകാലമായി പ്രവാസികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ്. ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇതുസംബന്ധിച്ച് ഒരു മാസത്തിനുള്ളില്‍ കരടുനിയമം തയാറാവുമെന്നും നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അടുത്തവര്‍ഷം തന്നെ നിയമം പ്രാബല്യത്തിലാക്കാനാവുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഖത്തര്‍ അതിന്റെ വാതിലുകള്‍ പുതിയ വ്യവസായങ്ങള്‍ക്കും പുതിയ പങ്കാളിത്തങ്ങള്‍ക്കുമായി തുറന്നുകൊടുക്കുകയാണ്.

എന്നാല്‍ വെറും വാണിജ്യാടിസ്ഥാനത്തില്‍ മാത്രമായിരിക്കില്ല, മറിച്ച് യഥാര്‍ഥ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാവും ഈ സഹകരണം. ഒരുമിച്ചു വിതച്ച് ഒരുമിച്ചു കൊയ്യാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. നിക്ഷേപത്തിലെ സഹകരണം കൂട്ടായപ്രവര്‍ത്തനത്തിലൂടെ ഫലപ്രാപ്തിയിലെത്തിച്ച് ലാഭവും പങ്കിടും.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയൊരു ഏജന്‍സി ഉടന്‍ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മന്ത്രിസഭ പുതിയ നിയമങ്ങള്‍ സംബന്ധിച്ച കരടുനിയമം തയാറാക്കുന്നത്.

പ്രവാസികള്‍ക്കു മികച്ച ആരോഗ്യ സംരക്ഷണവും മാന്യമായ താമസസൗകര്യവും ലഭ്യമാക്കും. ശൂറാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിയമം ഉള്‍പ്പെടെ ഏതാനും പ്രധാന നിയമനിര്‍മാണങ്ങളും നിയമഭേദഗതിയും അടുത്തവര്‍ഷം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.