മഞ്ജുവിന്റെ സാക്ഷിമൊഴി പൊളിക്കാന്‍ മകളെ കൂട്ടുപിടിച്ച് നടന്‍ ദിലീപ്; പ്രോസിക്യൂഷന് വെല്ലുവിളിയായി മെമ്മറികാര്‍ഡും, ഓഡിയോ ക്ലിപ്പുമുള്‍പ്പെടെ നഷ്ടപ്പെട്ട തെളിവുകള്‍

single-img
24 November 2017

നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കഴിഞ്ഞ ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ നിയമ വിദഗ്ദ്ധരുടെ ഇടയില്‍ നിരവധി ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പ്രതികളെ ശക്തമായ കുരുക്കിട്ടു മുറുക്കാനുള്ള പ്രൊസിക്യൂഷന്‍ ശ്രമത്തിന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിക്കാത്ത തെളിവുകള്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍.

കുറ്റപത്രത്തില്‍ ദിലീപിനെതിരായ വജ്രായുധമായി മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യരെയാണ് പോലീസ് കണ്ടിരിക്കുന്നത്. മഞ്ജുവിന്റെ മൊഴി ദിലീപിനെ പരുങ്ങലിലാക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം തകരാന്‍ കാരണക്കാരിയായ യുവനടിയോട് ദിലീപിനുള്ള പകയാണ് ആക്രമണത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

അതുകൊണ്ടു തന്നെ മഞ്ജുവിനെ കേസില്‍ സാക്ഷിയാക്കുമ്പോള്‍ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എങ്ങനെ അറിഞ്ഞു എന്ന ചോദ്യവും നേരിടേണ്ടി വന്നേക്കാം. ഇരയായ യുവനടിയാണ് ഈ ബന്ധത്തെ കുറിച്ച് തന്നെ അറിയിച്ചതെന്ന് മഞ്ജു പറഞ്ഞാല്‍ ദിലീപ് വെട്ടിലാകും.

അതുകൊണ്ടു തന്നെ ഇതിനെ പ്രതിരോധിക്കാന്‍ മകളെ രംഗത്തിറക്കാനാണ് ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നത്. അമ്മയെ പ്രതിരോധിക്കാന്‍ മകള്‍ മൊഴികൊടുക്കാനെത്തിയാല്‍ കേസിന്റെ ഗതി ആകെ മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് സിനിമയിലെ ചില്ലറ പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് വരുത്തിതീര്‍ക്കാനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മകള്‍ക്ക് ഇനിയും പ്രായപൂര്‍ത്തിയായിട്ടില്ല, അതുകൊണ്ടു തന്നെ 18 വയസ്സ് തികയാത്ത മീനാക്ഷിയെ സാക്ഷിയാക്കുന്നതിന്റെ നിയമവശം പരിശോധിക്കുകയാണ് പ്രതിഭാഗം. ബി. രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. അതേസമയം കേസില്‍ പ്രതികളെ ശക്തമായ കുരുക്കിട്ടു മുറുക്കാനുള്ള പ്രൊസിക്യൂഷന്‍ ശ്രമത്തിന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിക്കാത്ത തെളിവുകള്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചനയെങ്കിലും നിര്‍ണായകമായ മറ്റു ചില തെളിവുകള്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതാകും പ്രൊസിക്യൂഷന് വെല്ലുവിളിയാവുക. അതേസമയം, ഡിജിറ്റല്‍ തെളിവുകളാണ് കണ്ടെത്താനുള്ളതെന്നിരിക്കെ ഇവയില്‍ പലതും നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

നഷ്ടപ്പെട്ടതും ഇതുവരെ ലഭിക്കാത്തതുമായ തെളിവുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അതിലുണ്ടായിരുന്ന മെമ്മറി കാര്‍ഡുമാണ് കേസിലെ നിര്‍ണായക തെളിവുകളാകേണ്ടിയിരുന്നത്.

എന്നാല്‍, അന്വേഷണ സംഘം കൃത്യമായി ഇതിനായി വലവിരിച്ചെങ്കിലും ഈ തെളിവ് കണ്ടെത്താന്‍ സാധിച്ചില്ല. കുറ്റപത്രത്തില്‍ പരാമര്‍ശിച്ചതനുസരിച്ച് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഈ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും തന്റെ മുന്‍ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് പറയുന്നത്.

പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയ ദിവസമാണ് പ്രതീഷ് ചാക്കോയ്ക്ക് ഫോണും മെമ്മറി കാര്‍ഡും കൈമാറിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പിന്നീട്, അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീഷ് ചാക്കോയെ നിരീക്ഷിക്കാനും ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടതോടെ തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിക്കുകയും ഇയാള്‍ ഇത് നശിപ്പിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്.

നടിയുടെ ഡ്രൈവറും കേസിലെ രണ്ടാം പ്രതിയുമായ മാര്‍ട്ടിന്റെ സിം കാര്‍ഡ് നഷ്ടപ്പെട്ടതും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരിക്കുന്ന സമയത്ത് ജയിലില്‍ വെച്ച് ദിലീപിന് നല്‍കാന്‍ പള്‍സര്‍ സുനി കേസിലെ മാപ്പുസാക്ഷിയും പൊലീസ് ക്ലബ്ബില്‍ സുനിയുടെ സുരക്ഷാ ചുമതലയുമുണ്ടായിരുന്ന പികെ അനീഷിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന ഓഡിയോ ക്ലിപ്പും ഇതോടൊപ്പം നശിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അതേസമയം, പള്‍സര്‍ സുനിയുടെ മാതാവ്, ഗായിക റിമി ടോമി എന്നിവരടക്കം 16 പേര്‍ നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ പ്രതികള്‍ക്കതിരേ നിര്‍ണായകമാകും. രഹസ്യമൊഴികള്‍, കുറ്റസമ്മതമൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചവയാണ്.