സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

single-img
24 November 2017

കൊച്ചി: സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനിന്നതിലൂടെ ഭരണഘടനാപരമായ ബാധ്യത ലംഘിച്ച നാല് സി.പി.ഐ മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകനായ ആലപ്പി അഷ്‌റഫാണ് ഹര്‍ജി നല്‍കിയത്.

യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തതിന് വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്നും വെറും പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജിയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തത് കോടതിയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന വിഷയമല്ല.

ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണം. മുഖ്യമന്ത്രിയാണ് ഇതില്‍ നടപടിയെടുക്കേണ്ടതെന്നും അല്ലാതെ കോടതിയല്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുത്താനിടയാക്കിയ സി.പി.ഐ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.രാജു, പി. തിലോത്തമന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

മറ്റ് മന്ത്രിമാരോടുള്ള ഇഷ്ടക്കേട് കൊണ്ട് യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നത് സത്യപ്രതിജ്ഞ ലംഘനമാണ് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.