ലോക ക്രിക്കറ്റ് ചരിത്രത്തിലെ അദ്ഭുത വിജയവുമായി കേരളം: ആദ്യ പന്തില്‍ തന്നെ നാഗാലാന്‍ഡിനെ തോല്‍പ്പിച്ച് റെക്കോഡിട്ടു

single-img
24 November 2017

ഗുണ്ടൂരിലെ ജെ.കെ.സി കോളേജ് ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍19 വനിതാ ക്രിക്കറ്റ് ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലാണ് ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അദ്ഭുതം സംഭവിച്ചത്. നാഗാലാന്‍ഡും കേരളവുമായുള്ള മത്സരത്തിനിടെയാണ് ഈ റെക്കോഡ് പിറന്നത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്തത് നാഗാലാന്‍ഡായിരുന്നു. 17 ഓവറില്‍ രണ്ടു റണ്‍സ് എടുക്കാനെ നാഗാലാന്‍ഡിന് കഴിഞ്ഞുള്ളൂ. ഇതിനിടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായി. ഓപ്പണര്‍ മേനകയാണ് ഒരു റണ്‍സ് നേടിയത്. മറ്റൊരു റണ്‍സ് എക്‌സ്ട്രാ ഇനത്തിലാണ് ലഭിച്ചത്.

നാഗാലാന്‍ഡിനായി ഇറങ്ങിയ ബാക്കി ഒമ്പത് താരങ്ങളും പൂജ്യത്തിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മിന്നു മണിയും രണ്ട് വിക്കറ്റെടുത്ത സൗരഭ്യയുമാണ് നാഗാലാന്‍ഡിനെ നാണിപ്പിക്കുന്ന സ്‌കോറിലേക്ക് എറിഞ്ഞിട്ടത്. ആദ്യ ഓവറില്‍ ഒരു റണ്‍ നേടിയതൊഴിച്ചാല്‍ ബാക്കി 16 ഓവറും മെയ്ഡിന്‍ ആയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണര്‍ അന്‍സു എസ് രാജു നേരിട്ട ആദ്യ പന്ത് തന്നെ ഫോറടിക്കുകയായിരുന്നു. ജോഷിന പി.എം അന്‍സുവിനൊപ്പം പുറത്താകാതെ നിന്നു. ഇതോടെ കേരളം പത്ത് വിക്കറ്റിന്റെ ചരിത്ര വിജയം നേടുകയായിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം സ്കോറാണ് നാഗാലാൻഡ് നേടിയ രണ്ടു റൺസ്. 1810ൽ ഇംഗ്ലണ്ടിലെ ഓൾ‍ഡ് ലോർഡ്സിൽ ദ് ബീസ് (The Bs) ഓൾ ഇംഗ്ലണ്ട് ടീമിനെതിരെ നേടിയ ആറു റൺസിന്റെ റെക്കോർഡാണ് നാഗാലാൻഡ് വനിതകൾ ‘തകർത്ത’ത്. നേരത്തെ, ബിസിസിഐ അണ്ടർ 19 വനിതാ ലീഗിൽ നാഗാലൻഡും മണിപ്പൂരും തമ്മിലുള്ള മൽസരത്തിൽ 136 വൈഡുകൾ പിറന്നത് വാർത്തയായിരുന്നു. അന്നത്തെ മൽസരത്തിൽ ജയിച്ച നാഗാലാൻഡ് ടീമാണ് ഇത്തവണ രണ്ട് റൺസിന് പുറത്തായി നാണക്കേട് വരുത്തിവച്ചത്.