‘നടന്‍ ചിമ്പുവിന് ഇനി സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല’

single-img
24 November 2017

നടന്‍ ചിമ്പുവിനെ തമിഴ് സിനിമയില്‍ നിന്ന് വിലക്കിയതായി റിപ്പോര്‍ട്ടുകള്‍. ചില തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്നും ചിമ്പുവിനെ പുറത്താക്കാന്‍ സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ് സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലാണ് ചിമ്പുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാതെ മുങ്ങിയതാണ് താരത്തിന് വിനയായത്. നിര്‍മാതാവ് ജ്ഞാനവേല്‍ രാജ കടുത്ത ഭാഷയിലാണ് ചിമ്പുവിനെ വിമര്‍ശിച്ചത്.

‘അയാള്‍ ഒരു സിനിമയുടെ 30% മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ആകെ 29 ദിവസം മാത്രമേ സെറ്റിലെത്തിയിട്ടുള്ളൂ. എന്നിട്ടിപ്പോള്‍ നിര്‍മാതാക്കളോട് എടുത്ത രംഗങ്ങള്‍ വച്ച് സിനിമ ഇറക്കാന്‍ ആവശ്യപ്പെടുകയാണ്. അതെങ്ങനെ സാധിക്കും. അയാള്‍ക്കെതിരെ നടപടി എടുത്തേ മതിയാകൂ.’

ഇനി പ്രശ്‌നം ഒത്തു തീര്‍പ്പാകുന്നതുവരെ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുകയില്ലെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചിമ്പുവിനെ വിലക്കിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് മറ്റ് ചില മാധ്യമങ്ങള്‍ പറയുന്നു.